രാഷ്ട്രീയനേതാക്കള്‍ വരുമാനസ്രോതസ്സ് വെളിപ്പെടുത്തണം: സുപ്രിംകോടതി

ന്യൂഡല്‍ഹി: പൊതുപ്രവര്‍ത്തകര്‍ വരുമാന സ്രോതസ്സ് വെളിപ്പെടുത്തണമെന്ന സുപ്രധാന വിധിയുമായി സുപ്രിംകോടതി. പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന വ്യക്തികള്‍ ഭാര്യ, മക്കള്‍, ആശ്രിതര്‍ എന്നിവരുടെ വരുമാനസ്രോതസ്സടക്കമുള്ള വിവരങ്ങളും തിരഞ്ഞെടുപ്പ് നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം നല്‍കുന്ന സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് എസ് അബ്ദുല്‍നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ലോക് പ്രഹരി എന്ന സന്നദ്ധസംഘടന നല്‍കിയ പൊതുതാല്‍പര്യഹരജി പരിഗണിച്ചാണ് സുപ്രിംകോടതി ഉത്തരവ്. ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടശേഷം പൊതുപ്രവര്‍ത്തകരുടെ സ്വത്തില്‍ വന്‍ വളര്‍ച്ചയുണ്ടാവാറുണ്ട്. ഇത്തരത്തിലുള്ള ആസ്തി മക്കള്‍ അടക്കമുള്ള ആശ്രിതരുടെ പേരില്‍ ഉള്‍പ്പെടുത്തുന്ന പതിവുണ്ട്. അതിനാല്‍ ഇവരുടെ വരുമാനസ്രോതസ്സ് ഉള്‍പ്പെടെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. നിലവില്‍ സ്ഥാനാര്‍ഥിയുടെ സ്വത്തുവിവരങ്ങള്‍ മാത്രമായിരുന്നു സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിക്കേണ്ടിയിരുന്നത്. ഭാര്യയുടേതടക്കം സ്വത്തുവിവരങ്ങള്‍ വ്യക്തമാക്കേണ്ടത് നിര്‍ബന്ധമായിരുന്നില്ല. ഈ സാഹചര്യത്തിനാണ് ഇന്നലത്തെ സുപ്രിംകോടതി വിധിയോടെ മാറ്റംവന്നത്.
ജനപ്രതിനിധികളുടെ സ്വത്തില്‍ വരുന്ന വര്‍ധന സംബന്ധിച്ച് അന്വേഷണം നടത്താറില്ല. ഓരോ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോഴും പലരുടെയും സ്വത്തില്‍ വന്‍ വര്‍ധനയുണ്ടാവുന്നു. 500 മടങ്ങിലധികം ഇത്തരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്്. ഇത്തരം സംഭവങ്ങളില്‍ ഗൗരവകരമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കോടതി ആവശ്യപ്പെട്ടു. എംപിമാരുടെയും എംഎല്‍എമാരുടെയും അഴിമതി സംബന്ധിച്ച കേസുകള്‍ പരിഗണിക്കുന്നതിന് പ്രത്യേക അതിവേഗ ക്രിമിനല്‍ക്കോടതികള്‍ സ്ഥാപിക്കണമെന്നും ബെഞ്ച് ശുപാര്‍ശ ചെയ്തു.
രാഷ്ട്രീയരംഗത്തെ ക്രിമിനല്‍വല്‍ക്കരണം സംബന്ധിച്ച 1993ലെ എന്‍ എന്‍ വോ—റ കമ്മിറ്റി റിപോര്‍ട്ട്് ഒരുഘട്ടത്തില്‍ സൂചിപ്പിച്ച ജ. ചെലമേശ്വര്‍ കഴിഞ്ഞ 25-30 വര്‍ഷത്തിനിടെ അന്വേഷണ ഏജന്‍സികള്‍ ഒരു എംപിക്കോ എംഎല്‍എക്കോ എതിരേ നടപടി എടുത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ഇത്തരക്കാര്‍ തുടര്‍ച്ചയായി അധികാരസ്ഥാനത്ത് എത്തുന്നത് തടയാന്‍ സാധ്യമായ നടപടികള്‍ ഇപ്പോഴെങ്കിലും സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, വിവിധ ആരോപണങ്ങള്‍ പ്രകാരം അന്വേഷണം നേരിടുന്ന ജനപ്രതിനിധികളുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. 26 ലോക്‌സഭാ എംപിമാര്‍, 215 എംഎല്‍എമാര്‍, രണ്ട് രാജ്യസഭാംഗങ്ങള്‍ എന്നിവരുടെ വിവരങ്ങളാണ് കേന്ദ്രം കൈമാറിയത്.
ഇതിനു പുറമേ വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന ആരോപണത്തില്‍ രാജ്യത്തെ 98 എംഎല്‍എമാരും ഏഴ് ലോക്‌സഭാംഗങ്ങളും അന്വേഷണപരിധിയിലുണ്ടെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സ് (സിബിഡിടി) കോടതിയില്‍ സത്യവാങ്മൂലം നല്‍കി. 42 എംഎല്‍എമാര്‍ക്കെതിരേയും ഒമ്പത് രാജ്യസഭാംഗങ്ങള്‍ക്കെതിരേയും അന്വേഷണം നടന്നുവരുകയാണ്. 117 എംഎല്‍എമാര്‍, 19 ലോക്‌സഭാംഗങ്ങള്‍, രണ്ട് രാജ്യസഭാംഗങ്ങള്‍ എന്നിവരുടെ സ്വത്തുക്കളില്‍ ക്രമവിരുദ്ധതയൊന്നും കണ്ടെത്തിയില്ലെന്നും സത്യവാങ്മൂലം പറയുന്നു.RELATED STORIES

Share it
Top