രാഷ്ട്രീയത്തടവുകാരെ എത്യോപ്യ വിട്ടയക്കും

ആഡിസ് അബാബ: രാജ്യത്തെ രാഷ്ട്രീയത്തടവുകാരെ വിട്ടയക്കുമെന്ന് എത്യോപ്യന്‍ സര്‍ക്കാര്‍. ദേശീയതലത്തിലുള്ള അനുരഞ്ജന ശ്രമങ്ങളില്‍ പുരോഗതിയുണ്ടാക്കുന്നതിനാണ് നടപടിയെന്ന് എത്യോപ്യന്‍ പ്രധാനമന്ത്രി ഹെയ്‌ലെമറിയം ദേസലേഗന്റെ ഓഫിസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന രഷ്ട്രീക്കാരെ കുറ്റവിമുക്തരാക്കും. തടവില്‍ കഴിയുന്നവരെ മാപ്പുനല്‍കി വിട്ടയക്കും. എത്യോപ്യന്‍ തലസ്ഥാനം ആഡിസ് അബാബയിലെ കുപ്രസിദ്ധമായ മേകലാവി തടവറ അടച്ചുപൂട്ടാനും സര്‍ക്കാര്‍ തീരുമാനിച്ചതായി ആഡിസ് സ്റ്റാന്‍ഡേഡ് മാസിക റിപോര്‍ട്ട് ചെയ്തു.
ഭരണമുന്നണി എത്യോപ്യന്‍ പീപിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട് നേതാക്കള്‍ പങ്കെടുത്ത പൊതുയോഗത്തിലാണ് രാഷ്ട്രീയത്തടവുകാരുടെ മോചനം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പുറത്തുവന്നത്.
രാജ്യത്ത് ഏറ്റവും രൂക്ഷമായ പോലിസ് പീഡനമുറകള്‍ അരങ്ങേറുന്ന തടവറയാണ് ആഡിസ് അബാബയിലേത്. മേകലാവിയിലെ തടവുകാര്‍ നേരിടുന്ന പീഡനത്തില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൂട്ട അറസ്റ്റിലൂടെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ എത്യോപ്യന്‍ സര്‍ക്കാര്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതായും മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശിച്ചിരുന്നു. മേകലാവിയെ മ്യൂസിയമാക്കി മാറ്റാനാണ് സര്‍ക്കാര്‍ പദ്ധതിയെന്ന് ആഡിസ് സ്റ്റാന്‍ഡേഡ് റിപോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ കുറ്റകൃത്യങ്ങളുടെ പരിധിയില്‍പെടുന്ന കേസുകളില്‍ ശിക്ഷിക്കപ്പെട്ട പതിനായിരക്കണക്കിനുപേര്‍ എത്യോപ്യന്‍ ജയിലുകളില്‍ കഴിയുന്നതായാണ് കണക്കുകള്‍.

RELATED STORIES

Share it
Top