രാഷ്ട്രപതി മല്‍സരത്തിന്റെ കേളികൊട്ട്ആരാവും അടുത്ത രാഷ്ട്രപതി എന്നതാണ് ഇപ്പോള്‍ ഇന്ദ്രപുരിയിലെ മുഖ്യ ചര്‍ച്ചാവിഷയം. റെയ്‌സിനാ കുന്നിലെ രാജകൊട്ടാരത്തിലെ താമസക്കാരന്‍ എന്ന നിലയില്‍ മാത്രമല്ല ആ പദവിയുടെ മാഹാത്മ്യം. മറിച്ച്, രാജ്യത്തിന്റെ ഭരണഘടനയുടെ മുഖ്യ രക്ഷാധികാരി കൂടിയാണ് ആ പദവിയില്‍ ഇരിക്കുന്നയാള്‍. രാഷ്ട്രപതി ഭവന്‍ പ്രതാപത്തിലും പ്രൗഢിയിലും ഏഷ്യയിലെ മുന്‍നിര മണിമന്ദിരങ്ങളില്‍ ഒന്നുതന്നെയാണ്. ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടിഷ് വൈസ്രോയിയുടെ താമസത്തിനായാണ് ന്യൂഡല്‍ഹിയില്‍ ആ കെട്ടിടം പണിതത്. വൈസ്രോയി ഭരണം പിന്നീട് മൂന്നുനാലു പതിറ്റാണ്ടിനപ്പുറം നീണ്ടുപോയില്ല. ഭരണം കൈവിട്ട് ബ്രിട്ടിഷുകാര്‍ കപ്പല്‍ കയറിയ ശേഷം വൈസ്രോയി മന്ദിരം രാഷ്ട്രപതി ഭവനായി രാസപരിണാമം നേടി. ഭരണാധികാരികള്‍ മാറിയെങ്കിലും ഭരണത്തിന്റെ മണത്തിലോ ഗുണത്തിലോ വലിയ മാറ്റമൊന്നും വന്നതായി നാട്ടിലെ ജനങ്ങള്‍ക്ക് അനുഭവപ്പെടുകയുണ്ടായില്ല എന്നാണ് ദോഷൈകദൃക്കുകള്‍ പറഞ്ഞുപരത്തിയത്. മാറ്റം വന്നത് ഭരണാധികാരികളുടെ തൊലിനിറത്തില്‍ മാത്രമാണെന്ന് അവര്‍ വാദിച്ചു. കമ്മ്യൂണിസ്റ്റുകളായിരുന്നു അങ്ങനെ പ്രചാരവേല നടത്തിയ കൂട്ടരില്‍ മുമ്പന്മാര്‍. സ്വാതന്ത്ര്യം കിട്ടിയതായി പോലും കുറച്ചു കാലത്തേക്ക് അവര്‍ അംഗീകരിക്കുകയുണ്ടായില്ല. പിന്നെ സംഗതി കിട്ടി എന്നു ബോധ്യമായി. പക്ഷേ, അപ്പോള്‍ സംശയം വന്നത് ഇതു ശരിക്കും സ്വാതന്ത്ര്യം തന്നെയാണോ അതോ ആ പേരില്‍ വെറുമൊരു നാടകം മാത്രമാണോ നടക്കുന്നത് എന്നായിരുന്നു. ഇപ്പോള്‍ ആ കാലമൊക്കെ കഴിഞ്ഞു. നാട് സ്വതന്ത്രമായെന്നു മാത്രമല്ല, ഭരണം പല തട്ടുകളായി നാട്ടുകാരുടെ തലയില്‍ പതിക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോള്‍ ഡല്‍ഹിയിലെ പാര്‍ലമെന്റിലും സംസ്ഥാനത്തെ വിധാന്‍സഭകളിലും മാത്രമല്ല ഭരണവും നിയമനിര്‍മാണവും നടക്കുന്നത്. ജില്ലാതലത്തിലും പഞ്ചായത്തുതലത്തിലും ഭരണം വേറെവേറെ നടക്കുന്നുണ്ട്. വാര്‍ഡ് മെംബര്‍ മുതല്‍ പാര്‍ലമെന്റ് മെംബര്‍ വരെ ജനപ്രതിനിധികള്‍ പല തട്ടിലും പല മട്ടിലും. അവര്‍ക്കെല്ലാം അധികാരവും പദവിയുമുണ്ട്. ടിഎയും ഡിഎയുമുണ്ട്. സര്‍ക്കാര്‍ വക കാറും ബംഗ്ലാവുമുണ്ട് പല കൂട്ടര്‍ക്കും. അതിനാല്‍, ഇപ്പോള്‍ നാട്ടില്‍ ഭരണമില്ലെന്നോ ഭരണം ജനായത്ത ഭരണമല്ലെന്നോ ഒരാളും പരാതി പറയില്ല. ഏറിവന്നാല്‍ സംശയിക്കുക, ജനാധിപത്യത്തില്‍ ആധിപത്യം അല്‍പം കൂടിപ്പോയോ എന്നു മാത്രമാണ്. അങ്ങനെ നീണ്ടുപരന്നുകിടക്കുന്ന ഇന്ത്യന്‍ ജനാധിപത്യക്കടലിന്റെ നടുനായകസ്ഥാനത്താണ് രാഷ്ട്രപതി അവര്‍കള്‍ വിരാജിക്കുന്നത്. മുമ്പ് പല പൂമാന്മാരും ഇരുന്നരുളിയ പദവിയാണ്. കൊട്ടും കുരവയും ആഘോഷവും ഒക്കെയായാണ് അവര്‍ ഓരോ തവണയും പാര്‍ലമെന്റിലേക്കു വരുന്നത്. പക്ഷേ, ഇത്തവണ പത്രാസിനു പുറമേ രാഷ്ട്രീയപ്രാധാന്യവുമുണ്ട് തിരഞ്ഞെടുപ്പില്‍. 2019ല്‍ നടക്കുന്ന അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ശക്തിപരീക്ഷണത്തിന്റെ റിഹേഴ്‌സലാണ് ഇപ്പോള്‍ നടക്കാന്‍ പോവുന്നത്. ബിജെപിയും മോദിയും അശ്വമേധത്തിലെ യാഗാശ്വം കുതിക്കുന്നതു മാതിരിയാണ് ഇപ്പോള്‍ നാടും കാടും കുലുക്കിക്കൊണ്ട് എങ്ങും കുതിച്ചുപായുന്നത്. പ്രതിപക്ഷങ്ങളുടെ സ്ഥിതി പരമദയനീയമായിരിക്കുന്നു. കോണ്‍ഗ്രസ് മുതല്‍ ആം ആദ്മി പാര്‍ട്ടി വരെ മോദിയെ തളയ്ക്കുമെന്നു പ്രതീക്ഷിച്ച കൂട്ടരൊക്കെ ഒരരുക്കായിക്കഴിഞ്ഞു. അവര്‍ ഇന്നത്തെ നിലയില്‍ മോദിക്കും ഭരണകക്ഷിക്കും ഒരു വെല്ലുവിളിയും ഉയര്‍ത്താന്‍ വഴികാണുന്നില്ല. അങ്ങനെ വരുന്നത് നാടിന് ആപത്താണ്. ജനാധിപത്യത്തില്‍ നിന്നു വെറും ആധിപത്യത്തിലേക്കുള്ള പരിണാമത്തിന്റെ ആദ്യപടിയാവും പ്രതിപക്ഷം നടുവൊടിഞ്ഞുകിടക്കുന്ന ഒരു രാജ്യഭരണവ്യവസ്ഥ. അധികാരം അമിതമായാല്‍ അമിതാധികാരമാവും. അതു മൂത്താല്‍ വരുന്നത് ഫാഷിസം എന്ന മഹാവ്യാധിയാണെന്നു പണ്ടേ രാഷ്ട്രീയ ഭിഷഗ്വരന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ഇന്ത്യയില്‍ മാത്രമല്ല, ലോകമെങ്ങും സ്ഥിതി അപ്രകാരം തന്നെ. അതിനാല്‍, എങ്ങനെ ഒന്നിച്ചുനിന്ന് ഒരുകൈ നോക്കാം എന്നതാണ് പ്രതിപക്ഷത്തെ അലട്ടുന്ന ചോദ്യം. നാട്ടിലെ ജനങ്ങളെ അലട്ടുന്ന പ്രശ്‌നവും അതുതന്നെ.

RELATED STORIES

Share it
Top