രാഷ്ട്രപതി തിരഞ്ഞെടുപ്പ് : പ്രതിപക്ഷ നേതാക്കളുടെ യോഗം നാളെന്യൂഡല്‍ഹി: അടുത്തമാസം 17ന് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിന് ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. സ്ഥാനാര്‍ഥി ആരായിരിക്കണമെന്നതു സംബന്ധിച്ച് ബിജെപിയില്‍ ധാരണയായതായാണ് സൂചന. ഇതുസംബന്ധിച്ച് എന്‍ഡിഎ ഘടകകക്ഷികളുമായി കൂടിയാലോചന നടത്താന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ മൂന്നംഗസമിതി രൂപീകരിച്ചു. മുതിര്‍ന്ന കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി, എം വെങ്കയ്യ നായിഡു എന്നിവരാണ് അംഗങ്ങള്‍. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ നടത്തുന്നതിനായി അരുണാചല്‍ യാത്ര റദ്ദാക്കി അമിത് ഷാ ഡല്‍ഹിയില്‍ തങ്ങിയിരിക്കുകയാണ്. പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായി പ്രതിപക്ഷപ്പാര്‍ട്ടി നേതാക്കള്‍ നാളെ യോഗം ചേരുന്നുണ്ട്.  പത്തംഗ സമിതിക്കാണ് പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാനും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്താനുമുള്ള ചുമതല. കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശരത് യാദവ് (ജെഡിയു), ലാലുപ്രസാദ് യാദവ് (ആര്‍ജെഡി), സീതാറാം യെച്ചൂരി (സിപിഎം), ഡെറിക് ഒബ്രെയ്ന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), രാംഗോപാല്‍ യാദവ് (എസ്പി), സതീഷ് ചന്ദ്ര മിശ്ര (ബിഎസ്പി), അലന്ദൂര്‍ ആര്‍ എസ് ഭാരതി (ഡിഎംകെ) തുടങ്ങിയവര്‍ സമിതി അംഗങ്ങളാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപ്പാര്‍ട്ടികള്‍ക്ക് ശരത് പവാറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാനാണ് താല്‍പര്യം. എന്നാല്‍, പവാര്‍ സമ്മതം മൂളിയിട്ടില്ല. മഹാരാഷ്ട്രയിലെ ചില ശിവസേനാ അംഗങ്ങള്‍ക്കും പവാറിനോട് താല്‍പര്യമുണ്ട്. ഗാന്ധിജിയുടെ ചെറുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി, ലോക്‌സഭാ മുന്‍ സ്പീക്കര്‍ മീരാകുമാര്‍ എന്നിവരും പ്രതിപക്ഷത്തിന്റെ പരിഗണനയിലുള്ള സ്ഥാനാര്‍ഥികളാണ്. എന്‍ഡിഎ അവരുടെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചശേഷമാവും പ്രതിപക്ഷം അന്തിമതീരുമാനമെടുക്കുക. എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയെ വ്യാഴാഴ്ചയോടെ പ്രഖ്യാപിച്ചേക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഈ മാസം 28 ആണ്.

RELATED STORIES

Share it
Top