രാഷ്ട്രപതിയെയും ഭാര്യയെയും ക്ഷേത്രത്തില്‍ അപമാനിച്ചു

പട്‌ന: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്ര ദര്‍ശനത്തിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭാര്യ സവിതയും ജാതീയമായി അപമാനിക്കപ്പെട്ടു. മാര്‍ച്ച് 18നാണ് സംഭവം. ക്ഷേത്രദര്‍ശനത്തിനിടെ ഒരുകൂട്ടം ക്ഷേത്ര പരിചാരകര്‍ ശ്രീകോവിലിനു സമീപം രാഷ്ട്രപതിയെ തടയുകയും അദ്ദേഹത്തിന്റെ ഭാര്യയെ തള്ളുകയും ചെയ്തതായി ഇതുസംബന്ധിച്ചുള്ള ക്ഷേത്ര ഭരണസമിതി യോഗത്തിന്റെ മിനുറ്റ്‌സ് ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി രാവിലെ 6.35 മുതല്‍ 8.40 വരെയുള്ള സമയം മറ്റു ഭക്തജനങ്ങളെ തടഞ്ഞുനിര്‍ത്തി വിവിഐപികള്‍ക്ക് ദര്‍ശനം നടത്താനുള്ള സംവിധാനം ഒരുക്കിയിരുന്നു. ക്ഷേത്രത്തിനകത്ത് രാഷ്ട്രപതിയെ അനുഗമിക്കുന്നതിന് പരിചാരകരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും നിയോഗിക്കുകയും ചെയ്തു. എന്നാല്‍, ക്ഷേത്രം പരിചാരകര്‍ രാഷ്ട്രപതിക്ക് മുറിയൊരുക്കിയിരുന്നില്ലെന്നും ചില പരിചാരകര്‍ ക്ഷേത്രദര്‍ശനം നടത്തിക്കൊണ്ടിരുന്ന രാഷ്ട്രപതിയെയും ഭാര്യയെയും തള്ളി നീക്കിയതായും റിപോര്‍ട്ടിലുണ്ട്. സംഭവത്തില്‍ ശക്തമായ പ്രതിഷേധവും അതൃപ്തിയും അറിയിച്ചുകൊണ്ട് മാര്‍ച്ച് 19ന് രാഷ്ട്രപതി ഭവന്‍ പുരി കലക്ടര്‍ അരവിന്ദ് അഗര്‍വാളിന് കത്തയച്ചിരുന്നു.
സംഭവത്തെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാനും രാഷ്ട്രപതി ഭവന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ ക്ഷേത്ര ഭരണസമിതി യോഗം ചേര്‍ന്നു. സംഭവത്തില്‍ ക്ഷേത്രത്തിലെ മൂന്ന് പരിചാരകര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.
സംഭവത്തില്‍ പുരി ജില്ലാ ഭരണകൂടം അന്വേഷണം നടത്തുകയാണ്.

RELATED STORIES

Share it
Top