രാവിലെ 6നും രാത്രി 10 നും ഇടയില്‍ ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തിന് വിലക്ക്

ന്യൂഡല്‍ഹി: ടിവി ചാനലുകളില്‍ രാവിലെ ആറിനും രാത്രി പത്തിനുമിടയില്‍ ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തിന് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കുട്ടികള്‍ ടിവി കാണുന്ന സമയമായതിനാലാണ് ഈ സമയത്ത് ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തിന് കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇത്തരം പരസ്യങ്ങള്‍ രാത്രി 10 മണി മുതല്‍ രാവിലെ ആറു വരെയുള്ള സമയത്തു മാത്രമേ സംപ്രേഷണം ചെയ്യാവൂ എന്ന് ഉത്തരവില്‍ പറയുന്നു.


ചില ചാനലുകളില്‍ പകല്‍ സമയം ഗര്‍ഭനിരോധന ഉറയുടെ പരസ്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിയന്ത്രണം കൊണ്ടുവന്നത്.ഇത്തരം പരസ്യങ്ങളിലെ ഉള്ളടക്കത്തെക്കുറിച്ച് മന്ത്രാലയത്തിന് നിരവധി പരാതികളും ലഭിച്ചിരുന്നു.
കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കുന്നതോ അവരെ അനാരോഗ്യകരമായ പ്രവര്‍ത്തികളിലേക്ക് നയിക്കുന്നതോ ആയ പരസ്യങ്ങള്‍ പാടില്ലെന്ന സര്‍ക്കാര്‍ നിയമപ്രകാരമാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.

RELATED STORIES

Share it
Top