രാമപുരം കെഎസ്ഇബി സെക്ഷനിലെ ട്രാന്‍സ്‌ഫോമര്‍ കേടുവരുത്താന്‍ ശ്രമം; അന്വേഷണം ഊര്‍ജിതമാക്കിപാലാ: രാമപുരം കെഎസ്ഇബി സെക്ഷനില്‍ ഏഴാച്ചേരിയിലെ ട്രാന്‍സ്‌ഫോമര്‍ കേടുവരുത്താന്‍ ശ്രമിച്ച കേസില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. രാമപുരം സിഐ ബാബുക്കുട്ടന്‍, എസ്‌ഐ അനീഷ് ആനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഏഴാച്ചേരി സഹകരണ ബാങ്കിലെയും ട്രാന്‍സ്‌ഫോമറിനു സമീപമുള്ള വിവിധ സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. ആദ്യഘട്ടത്തില്‍ ലഭിച്ച ചില വാഹനങ്ങളുടെ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഈ ഭാഗത്ത് രാത്രികാലങ്ങളില്‍ പോലിസ് പെട്രോളിങ് ശക്തമാക്കിയതായി സിഐ പറഞ്ഞു. ഈ ഭാഗത്തെ കഞ്ചാവ് മയക്കുമരുന്ന് മഫിയ സംഭവത്തിന് പിന്നിലുണ്ടോയെന്ന് പോലിസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.30ഓടെയാണ് ഏഴാച്ചേരി ജിവി യുപി സ്‌കൂളിന്റെ സമീപത്തെ ട്രാന്‍സ്‌ഫോമര്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. ഇവിടെയുണ്ടായിരുന്ന ആറ് ഫ്യൂസുകള്‍ വലിച്ചെറിഞ്ഞ സാമൂഹിക വിരുദ്ധര്‍ ട്രാന്‍സ്‌ഫോമറിലേയ്ക്കുള്ള വൈദ്യുതി വയര്‍ മുറിക്കാനും ശ്രമം നടത്തിയിരുന്നു. ടാന്‍സ്‌ഫോമറിലെ ഫ്യൂസുകള്‍ ഊരിയെറിഞ്ഞതോടെ ഏഴാച്ചേരി ഗ്രാമം ഇരുട്ടിലായിരുന്നു. നാട്ടുകള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ രാത്രിതന്നെ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ഫ്യൂസുകള്‍ ഊരിയെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് രാമപുരം കെഎസ്ഇബി അസി. എന്‍ജിനീയര്‍ രാമപുരം പോലിസില്‍ പരാതി നല്‍കിയിരുന്നു. സിസിടിവിയില്‍ നിന്നു വ്യക്തമായ ചില വാഹനങ്ങളുടെ ഉടമകളെ അടുത്ത ദിവസം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നു രാമപുരം പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top