രാമന്തളി ബിജു വധം : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍പയ്യന്നൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹക് കക്കംപാറയിലെ ചൂരക്കാട്ട് ബിജു(34)വിനെ വാഹനം ഇടിച്ചുവീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ ബ്ലോക്ക് ഖജാഞ്ചിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ രാമന്തളി കുന്നത്തുതെരുവിലെ ടി വി അനൂപ് (32) ആണ് പിടിയിലായത്. ഇയാളാണ് കേസിലെ ഒന്നാംപ്രതി. ഇതോടെ കേസില്‍ അഞ്ചു പ്രതികള്‍ അറസ്റ്റിലായി. സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കക്കംപാറയിലെ ഡ്രൈവര്‍ നടുവിലെപുരയില്‍ റിനീഷ്, പരുത്തിക്കാട്ടെ കുണ്ടുവളപ്പില്‍ ജ്യോതിഷ്, കുന്നരുവിലെ പാണത്താന്‍ സത്യന്‍, കക്കംപാറയിലെ വടക്കുമ്പത്ത് ജിതിന്‍ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഏഴുപേര്‍ക്കെതിരേയാണ് കേസെടുത്തിരുന്നത്. ഒരാള്‍ വിദേശത്തേക്കു കടന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 12ന് വൈകീട്ട് സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുന്നതിനിടെയാണ് ബിജുവിനെ ഇന്നോവ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവശേഷം കാടക്കാട് എന്‍എസ് ക്ലബ്ബിന് സമീപത്തെ സഹോദരിയുടെ വീട്ടില്‍ അനൂപ് ഒളിവില്‍ക്കഴിഞ്ഞെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. കഴിഞ്ഞദിവസം രാത്രി മറ്റൊരു കേന്ദ്രത്തിലേക്ക് മാറാന്‍ പെരുമ്പ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു മുന്നിലെത്തിയപ്പോഴാണ് പോലിസ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം സിഐ എം പി ആസാദിന്റെ നേതൃത്വത്തിലെത്തിയ പോലിസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ധനരാജിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് അനൂപ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top