രാമനാട്ടുകരയിലെ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന യുവാവ് പിടിയില്‍

രാമനാട്ടുകര: കഴിഞ്ഞ ആഗസ്റ്റില്‍ രാമനാട്ടുകര റൂബി ജ്വല്ലറിയില്‍ നിന്നും പട്ടാപകല്‍ നാലു പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ന്ന ആളെ ഫറോക്ക് പൊലിസ് പിടികൂടി. തിരൂര്‍ വെട്ടം പറവണ്ണ യാറുക്കാന്റെ പുരയില്‍ ആഷിഖ്(38) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം പരപ്പനങ്ങാടിയില്‍ നിന്നാണ് ഇയാളെ പൊലിസ് പിടികൂടിയത്.
സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേനയാണ് രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡിലെ മെറീനാ കോപ്ലക്‌സിലെ റൂബി ജ്വല്ലറിയില്‍ എത്തി സെയില്‍സ്മാനെ കബളിപ്പിച്ച് ആഭരണവുമായി കടന്നുകളഞ്ഞത്. ജലദോഷം അഭിനയിച്ച് മുഖവും തലയും മറച്ചു വെച്ചാണ് ഇയാള്‍ കളവു നടത്തിയത്. വിവിധ മാലകള്‍ പരിശോധിച്ച് ഒരെണ്ണം തിരഞ്ഞെടുത്തു കടയുടമയുടെ മകന്‍ ബില്ല് തയ്യാറാക്കുന്നതിടെ മേശപ്പുറത്തുണ്ടായ സ്വര്‍ണ്ണം പാന്റ്‌സിന്റെ പോക്കറ്റില്‍ നിക്ഷേപിച്ച് തുമ്മല്‍ അഭിനയിച്ചു കടന്നു കളയുകയായിരുന്നു. ഇയാളുടെ മോഷണം കടയിലെ സിസി കാമറയില്‍ പതിഞ്ഞിരുന്നു. പിന്നീട് രാമനാട്ടുകര അങ്ങാടിയിലെ വിവിധ സ്ഥാപനങ്ങളിലെ സിസി കാമറകളില്‍ നിന്നും ഇയാളുടെ രൂപം പൊലിസിനും വ്യാപാരികള്‍ക്കും ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാള്‍ പൊലിസിന്റെ വലയിലാവുന്നത്. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
ഇത് കണ്ട രാമനാട്ടുകര പാറക്കടവ് റോഡിലെ കടയിലെ യുവാവാണ് കഴിഞ്ഞ ദിവസം രാമനാട്ടുകര അങ്ങാടിയില്‍ വെച്ച് ഇയാളെ തിരിച്ചറിഞ്ഞത്. കൊണ്ടോട്ടി, ചെമ്മാട്, മലപ്പുറം, ചേളാരി എന്നിവിടങ്ങളില്‍നിന്നും ഇതേ മാതൃകയില്‍ ഇയാള്‍ മോഷണം നടത്തിയതായും പറയുന്നു. രാമനാട്ടുകരയിലെ മറ്റൊരു കടയില്‍ നിന്ന് പുറത്തു വെച്ച മാറ്റിന്റെ(ചവിട്ടി) കെട്ടും ഇയാള്‍ മോഷ്ടിച്ചിരുന്നു.

RELATED STORIES

Share it
Top