രാമനവമിക്കിടെ സംഘര്‍ഷം; ഒരു മരണം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സംഘപരിവാര സംഘടനകള്‍ സംഘടിപ്പിച്ച രാമനവമി ആഘോഷത്തില്‍ സംഘര്‍ഷം. ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്ക്. പുരുലിയയിലെ ബെല്‍ഡി ഗ്രാമത്തില്‍ ഇന്നലെയാണ് സംഭവം. അനുമതിയില്ലാതെ നടത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. രാമനവമി ദിനത്തില്‍ വാളുകളും മാരകായുധങ്ങളുമേന്തി ബിജെപി, ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരും സംഘപരിവാര അനുകൂലികളും പ്രദേശത്ത് മാര്‍ച്ച് നടത്തിയിരുന്നു. ഇത് പോലിസ് തടഞ്ഞു. തുടര്‍ന്ന് ഇതേച്ചൊല്ലി പോലിസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. സംഘര്‍ഷത്തില്‍ പോലിസിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പുരുലിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമനവമി ആഘോഷത്തിന്റെ മറവില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടാല്‍ ശക്തമായ നടപടി ഉണ്ടാവുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദ്വേഷം പരത്തുന്ന പ്രകടനങ്ങള്‍ വഴി തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാളില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ സംഘപരിവാരം ശ്രമിച്ചതാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. അതേസമയം, രാമനവമിയെ രാഷ്ട്രീയമാക്കുന്ന ബിജെപി ശ്രമത്തിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാമനവമി റാലിയുമായി തെരുവിലിറങ്ങി.

RELATED STORIES

Share it
Top