രാമങ്കരിയില്‍ കുടിവെള്ളക്ഷാമം രൂക്ഷം ; നോക്കുകുത്തിയായി വാട്ടര്‍ടാങ്ക്രാമങ്കരി: ലക്ഷക്കണക്കിന് രൂപ ചെലവിട്ട് നിര്‍മിച്ച വാട്ടര്‍ടാങ്ക് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കമ്മീഷന്‍ ചെയ്യാത്തതിനെത്തുടര്‍ന്ന് രാമങ്കരി പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം.  പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലേയും കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം എന്ന നിലയില്‍ എസി റോഡിനോട് ചേര്‍ന്ന് വാട്ടര്‍ അതോറിറ്റി വക സ്ഥലത്ത് ലക്ഷങ്ങള്‍ മുടക്കിയായിരുന്നു ഓവര്‍ഹെഡ് ടാങ്കിന്റെ നിര്‍മാണം.  പദ്ധതി പിന്നീട് ലക്ഷ്യം കാണാതെ പോകുകയും ഓവര്‍ഹെഡ് ടാങ്ക് നോക്കുകുത്തിയായ് മാറുകയുമായിരുന്നു. ഇതിന് പിന്നില്‍  വകുപ്പ് തല ഉദ്യോഗസ്ഥര്‍ തന്നെയാണന്നും ആക്ഷേപം ശക്തമാണ്.  നീരേറ്റുപുറം ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങുന്നതോടെ ടാങ്കില്‍ വെള്ളമെത്തുമെന്നായിരുന്നു നാട്ടുകാരുടെ ആകെ പ്രതീക്ഷ. എന്നാല്‍ പദ്ധതി നടപ്പിലായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ടാങ്കില്‍ വെള്ളമെത്തിക്കുന്നതിനോ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാനൊ അധികൃതര്‍ക്ക് സാധിച്ചില്ല. എ സി റോഡിന്റെ അരികിലായ്  സ്ഥാപിച്ചിട്ടുള്ള ടാപ്പുകള്‍ ഒഴിച്ചാല്‍ മറ്റു ടാപ്പുകളിലൊന്നിലും മാസത്തില്‍ ഒരു തവണ പോലും വെള്ളമെത്താറില്ല. വേണ്ടത്ര പ്രഷര്‍ ലഭിക്കാത്തതിനാലാണ് മറ്റു ടാപ്പുകളില്‍ വെള്ളമെത്താത്തതെന്നും  വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ പറയുന്നു. ലൈനിലെ അറ്റകുറ്റപണികള്‍ യഥാസമയം നിര്‍വഹിക്കാറില്ല. അതിനാല്‍ പല സ്ഥലങ്ങളിലും പൈപ്പ് പൊട്ടിക്കിടക്കുന്നു.  നൂറ് കണക്കിന് ലിറ്റര്‍ വെള്ളം  ഓരോ ദിവസവും ഇതുമൂലം  പാഴാകുന്നുണ്ട്. പുഞ്ചക്കൊയ്ത്തിന് ശേഷം  മിക്ക പാടശേഖരങ്ങളിലും രണ്ടാം കൃഷി ഇറക്കുന്നതിനുള്ള  ഒരുക്കങ്ങള്‍  നടന്നു വരുന്നതിനാല്‍ പമ്പിങ് വഴി പാടശേഖരങ്ങളില്‍ നിന്നും പുറംതള്ളുന്ന മണ്ണിന്റെ പുളി നിറഞ്ഞ വെള്ളം പൊതുജലാശയങ്ങള്‍ ആകെ മലീമസമാക്കുന്നു. രാമങ്കരി പഞ്ചായത്തിന് പുറമെ  കാവാലം,  നീലംമ്പേരൂര്‍ പോലുള്ള പഞ്ചായത്തുകളുടേയും സ്ഥിതി വ്യത്യസ്തമല്ല. പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

RELATED STORIES

Share it
Top