രാത്രിയില്‍ റോഡില്‍ തള്ളിയ മാലിന്യം പോലിസ് ഇടപെട്ട് തിരികെ എടുപ്പിച്ചു

നാദാപുരം: ഇരുട്ടിന്റെ മറവില്‍ കല്ലാച്ചി പെരുവങ്കരയിലെ റോഡരികില്‍ മാലിന്യം തള്ളിയവരേ നാട്ടുകാര്‍ തിരിച്ചറിഞ്ഞു. പോലിസും നാട്ടുകാരും ഇടപെട്ട് മാലിന്യം തിരികെ എടുപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി കാലങ്ങളില്‍ വാഹനങ്ങളിലെത്തി മാലിന്യങ്ങള്‍ തള്ളുന്നത് പതിവായതോടെ നാട്ടുകാര്‍ മാലിന്യം പരിശോധിച്ചു.
മാലിന്യത്തില്‍ നിന്ന് കല്ലാച്ചിയിലെ ടാക്‌സി സ്റ്റാന്റ് പരിസരത്തെ മലബാര്‍ കാറ്ററിംഗ് സ്ഥാപനത്തിന്റെ കാര്‍ഡ് കിട്ടിയതോടെയാണ് മാലിന്യം തള്ളിയവരേ കണ്ടെത്താനായത്. ഇതിനിടയില്‍ ഡിവൈഎഫ്‌ഐ പോലിസില്‍ പരാതിയും നല്‍കിയിരുന്നു. നാട്ടുകാര്‍ മാലിന്യത്തില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ വിളിച്ച് ഉടമയെ സ്ഥലത്തെത്തിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കടകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിച്ച് ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ തള്ളുന്ന സംഘമാണ് ഇതിന് പിന്നാലെന്ന് കണ്ടെത്തുകയും അവരെ വിളിച്ച് വരുത്തി മാലിന്യങ്ങള്‍ തിരികെ വാരിക്കുകയും ചെയ്തു. മാലിന്യം തള്ളിയ സംഭവത്തില്‍ ഒഞ്ചിയം തോട്ടോളി മീത്തല്‍ സ്വദേശിയും വാണിമേല്‍ കോടിയുറയിലെ മുത്താച്ചി കുന്നുമ്മല്‍ താമസക്കാരനുമായ അന്‍സാര്‍(34)നെതിരെ നാദാപുരം പോലിസ് കേസെടുത്തു.

RELATED STORIES

Share it
Top