രാത്രികാല ഡ്രൈവിങില്‍ ഒളിച്ചിരിക്കുന്ന അപകടങ്ങള്‍; ഓര്‍മപ്പെടുത്തലുമായി കേരള പോലിസ്‌

തിരുവനന്തപുരം: രാത്രികാല ഡ്രൈവിങിനിടെ റോഡപകടങ്ങളും മരണങ്ങളും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി കേരള പോലിസിന്റെ ഫേസ്ബുക്ക് പേജ്. വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് കുഞ്ഞ് മരിക്കാനിടയായ സംഭവം കേരളത്തെ ദുഃഖത്തിലാഴ്ത്തിയ പശ്ചാത്തലത്തില്‍ രാത്രികാല ഡ്രൈവിങിലെ അപകടം സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ സജീവ ചര്‍ച്ചയാണ്.
കേരള പോലിസ് പറയുന്നത് ശ്രദ്ധിക്കുക: വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവര്‍മാരുടേത്. അതുകൊണ്ടുതന്നെ കൂടുതല്‍ വിശ്രമവും ആവശ്യമാണ്. ഡ്രൈവ് ചെയ്യുമ്പോള്‍ ഉറക്കം വരുന്നത് ഡ്രൈവര്‍മാരെ ബുദ്ധിമുട്ടിലാക്കും. മാത്രമല്ല, രാത്രികാലങ്ങളിലെ ഡ്രൈവിങ് വലിയ അപകടത്തിനു കാരണമാവുന്നു. എത്ര മികച്ച ഡ്രൈവറാണെങ്കിലും ഈ പ്രശ്നം നേരിടാന്‍ പ്രയാസമാണ്. രാത്രി നടക്കുന്ന പല അപകടങ്ങള്‍ക്കും കാരണം ഇത്തരത്തില്‍ ഡ്രൈവറുടെ ഉറക്കം തന്നെയാവാം. പലപ്പോഴും ഡ്രൈവര്‍ അറിയാതെയാണ് ഉറക്കത്തിലേക്കു വീഴുന്നത്. ഉറക്കം വരുന്നു എന്നു തോന്നിയാല്‍ തീര്‍ച്ചയായും ഡ്രൈവിങ് നിര്‍ത്തണം. തുടര്‍ച്ചയായി കോട്ടുവായിടുകയും കണ്ണുതിരുമ്മുകയും ചെയ്യുക, റോഡില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാത്തവിധം കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക, തുടര്‍ച്ചയായി കണ്ണ് ചിമ്മിച്ചിമ്മി തുറന്നുവയ്ക്കുന്ന സാഹചര്യം ഉണ്ടാവുക എന്നീ സന്ദര്‍ഭങ്ങളില്‍ നിര്‍ബന്ധമായും ഡ്രൈവിങ് നിര്‍ത്തിവയ്ക്കണം.
ദീര്‍ഘദൂരയാത്രയില്‍ വാഹനങ്ങള്‍ വഴിയരികില്‍ നിര്‍ത്തി കുറച്ചു വിശ്രമിക്കുന്നത് അപകടസാധ്യത കുറയ്ക്കുന്നു. കഴിയുമെങ്കില്‍ രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും വാഹനമോടിക്കാതിരിക്കാന്‍ ശ്രമിക്കുക, സ്വാഭാവികമായി ഉറങ്ങാനുള്ള പ്രവണത ഈ സമയത്ത് കൂടുതല്‍ ഉണ്ടാവും. എതിരേ വരുന്നവര്‍ ചിലപ്പോള്‍ ഉറക്കംതൂങ്ങിയും അമിതവേഗത്തിലുമൊക്കെയായിരിക്കും വരുന്നത്.
രാത്രിയും പുലര്‍ച്ചെയുമാണ് വലിയ അപകടങ്ങള്‍ പതിയിരിക്കുന്നതെന്ന് ഓര്‍ക്കുക. ഉറക്കം തൂങ്ങുന്ന ഡ്രൈവര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നയാളുടെ അത്രയും തന്നെ അപകടകാരിയായിരിക്കാം. ദൂരയാത്ര പോവേണ്ട സാഹചര്യത്തില്‍, അല്ലെങ്കില്‍ ഡ്രൈവ് ചെയ്യുന്ന സമയത്ത് ശ്രദ്ധിച്ചാല്‍ ഉറക്കം വരുന്ന പ്രശ്നം ഇല്ലാതാക്കാം. അതിന് ആദ്യം വേണ്ടത് നല്ല ഉറക്കം ലഭിക്കുക എന്നതാണ്. ദൂരയാത്രാ ഡ്രൈവിങിന് മുമ്പായി നല്ല ഉറക്കം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഏഴോ എട്ടോ മണിക്കൂര്‍ ഉറങ്ങിയശേഷം മാത്രം നീണ്ട ഡ്രൈവിങ് തുടരുക. ഇങ്ങനെയുള്ള യാത്രകളില്‍ കഴിയുമെങ്കില്‍ ഡ്രൈവിങ് വശമുള്ള ഒരാളെ കൂടെ കൂട്ടാന്‍ ശ്രമിക്കുക. ആവശ്യമുണ്ടെങ്കി ല്‍ ഡ്രൈവിങില്‍ സഹായിക്കാനും ഇവര്‍ക്ക് കഴിയും.
കുടുംബാംഗങ്ങള്‍ ഒന്നിച്ചു മരണപ്പെടുകയോ അപകടത്തിലാവുകയോ ചെയ്യുന്ന മിക്ക അപകടങ്ങളുമുണ്ടാവുന്നത് രാത്രിയിലാണ്. അതിനു പ്രധാന കാരണം ഡ്രൈവറുടെ ഉറക്കമാണ്. ഉറക്കം തോന്നിയാല്‍ പലരും പറയാന്‍ മടിച്ച് മിണ്ടാതെ യാത്ര തുടരും. രാത്രികാല യാത്രാവേളയില്‍ ഡ്രൈവര്‍മാര്‍ അല്‍പനേരം വിശ്രമിക്കുന്നതുമൂലം യാത്ര വൈകിയേക്കാം പക്ഷേ, അത് നിങ്ങളുടെ ആയുസ്സ് വര്‍ധിപ്പിക്കുമെന്നോര്‍ക്കുക.

RELATED STORIES

Share it
Top