രാത്രികാല ട്രെയിന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: നിലമ്പൂര്‍ പാതയില്‍ രാത്രികാല ട്രെയിനിന് നിര്‍ദേശം. ഇതു സംബന്ധിച്ച് റെയില്‍വേ അധികൃതര്‍ പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിച്ചു. എറണാകുളത്തുനിന്ന് രാത്രി 8.20ന് ഷൊര്‍ണൂരെത്തുന്ന പാസഞ്ചര്‍ 9.05ന് നിലമ്പൂരിലേക്കു നീട്ടാനാണു നിര്‍ദേശം. തിരുവനന്തപുരത്തുനിന്ന് 8.50ന് ഷൊര്‍ണൂരെത്തുന്ന ജനശതാബ്ദി എക്‌സ്പ്രസ്സിന് നിലമ്പൂര്‍ ഭാഗത്തേക്കു കണക്ഷന്‍ കിട്ടും. നിലമ്പൂരില്‍നിന്ന് പുലര്‍ച്ചെ മൂന്നിന് മടങ്ങുന്ന ട്രെയിന്‍ 7.30ന് എറണാകുളത്തെത്തും. ഷൊര്‍ണൂരില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് കണക്ഷന്‍ ലഭിക്കും.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ക്കും ഉപകരിക്കും. ഹരിത ഇടനാഴിയായി പ്രഖ്യാപിച്ച പാതയില്‍ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ട്രെയിനുകളില്‍ വിസ്റ്റാ ഡോം കോച്ച് ഘടിപ്പിക്കണമെന്ന ആവശ്യം ഡിആര്‍എം അംഗീകരിച്ചു.
കോച്ച് വരുന്നതോടെ വിനോദ സഞ്ചാര മേഖലയ്ക്ക് ഊര്‍ജം പകരും. ഗുഡ്‌സ് ഷെഡ്ഡില്‍ സിമന്റ് ഇറക്കുന്നതിന് വ്യവസായികള്‍ ഉന്നയിച്ച തടസങ്ങള്‍ ചര്‍ച്ചയില്‍ പരിഹരിച്ചു. പഴയ സ്റ്റേഷന്‍ കെട്ടിടം ഹെറിറ്റേജ് മ്യൂസിയമാക്കും. സ്ഥലം അനുവദിച്ചാല്‍ കെട്ടിടത്തോടുചേര്‍ന്ന് പാര്‍ക്കും ഉദ്യാനവും നിര്‍മിച്ചു നല്‍കാമെന്ന് വ്യാപാരികളുടെ വാഗ്ദാനം പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്.
വരും ദിവസങ്ങളില്‍ സ്റ്റേഷനുകളില്‍ രാത്രികാലവെളിച്ചങ്ങളുടെ കുറവ് പരിഹരിക്കാന്‍ ടെക്‌നിക്കല്‍ വിഭാഗങ്ങളെത്തും എന്നറിയുന്നു. നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാത ലാഭകരമാണെന്ന് കോമേഴ്‌സ്യല്‍ വിഭാഗം നല്‍കിയ റിപോര്‍ട്ട് രാത്രികാല അധിക സര്‍വീസ് എന്ന പദ്ധതിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

RELATED STORIES

Share it
Top