രാത്രികാലത്ത് കടയടയ്ക്കണമെന്ന്; പ്രതിഷേധവുമായി വ്യാപാരികള്‍

കാസര്‍കോട്്: പോലിസ് സബ് സ്‌റ്റേഷന്‍ പരിധിയില്‍ രാത്രി 11ന് ശേഷം ഹോട്ടലുകളും കടകളും അടച്ചിടണമെന്ന കാസര്‍കോട് ഡിവൈഎസ്പിയുടെ നിര്‍ദ്ദേശത്തിനെതിരേ വ്യാപാരികള്‍ രംഗത്ത്. സാമൂഹിക ദ്രോഹികള്‍ അഴിഞ്ഞാടുന്നതിനാലും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്താണ് രാത്രി 11ന് ശേഷം വ്യാപാര സ്ഥാപനങ്ങളും പെട്ടിക്കടകളും അടച്ചിടണമെന്ന് നിര്‍ദ്ദേശിച്ചതെന്നാണ് പോലിസ് പറയുന്നത്. രാത്രി കാലത്ത് യാത്രാസ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന പോലിസ് നടപടിക്കെതിരേ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
കാസര്‍കോട് ടൗണ്‍, വിദ്യാനഗര്‍, നായന്മാര്‍മൂല, ചെര്‍ക്കള, മൊഗ്രാല്‍പുത്തൂര്‍, എരിയാല്‍, ചൗക്കി, അടുക്കത്ത്ബയല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് പോലിസിന്റെ ഉത്തരവ് നിലവിലുള്ളത്.
ഇതിനെതിരേ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. രാത്രികാലത്ത് കാസര്‍കോട് ടൗണില്‍ ഒരു ഹോട്ടല്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നും ട്രെയിനുകളിലും മറ്റും രാത്രി എത്തിപ്പെടുന്നവര്‍ ഈ ഹോട്ടലില്‍ ഇരിക്കുകയാണ് പതിവ്.
പുലര്‍ച്ചെ കിട്ടുന്ന വാഹനങ്ങളില്‍ തങ്ങളുടെ വീടുകളിലേക്ക് പോകും. ഇപ്പോള്‍ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ വീടുകളിലേക്ക് പോലും തിരിച്ചുപോകാനാവാതെ നഗരത്തില്‍ ബുദ്ധിമുട്ടുകയാണ്.
റമദാന്‍ സമാഗതമായ സമയത്ത് പോലും അപ്രഖ്യാപിത വ്യാപാര വിലക്ക് ഏര്‍പ്പെടുത്തിയ പോലിസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. റമദാന്‍ ആരംഭിച്ചാല്‍ നോമ്പുതുറക്ക് ശേഷവും തറാവീഹ് നമസ്‌കാരത്തിന് ശേഷവുമാണ് പലരും സാധനങ്ങള്‍ വാങ്ങാനായി നഗരത്തിലെത്തുന്നത്. എന്നാല്‍ പുതിയ ഉത്തരവോടെ ആളുകള്‍ക്ക് ടൗണില്‍ വരാന്‍പോലും ഭയമാണ്.
കര്‍ണാടക ഇലക്ഷനോടനുബന്ധിച്ച് അതിര്‍ത്തി മേഖലയായ കാസര്‍കോട്ട് കര്‍ശന ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശമാണ് നടപ്പിലാക്കുന്നതെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍ സാമൂഹിക ദ്രോഹികളെ പിടികൂടുന്നതിന് പകരം ജനങ്ങളെ ദുരിതത്തിലാക്കുന്ന നിലപാട് സ്വീകരിച്ച ഡിവൈഎസ്പിയുടെ നടപടി പിന്‍വലിക്കണമെന്നാണ് വ്യാപാരികളുടേയും ഹോട്ടല്‍ ഉടമകളുടേയും ആവശ്യം.

RELATED STORIES

Share it
Top