രാജ്യസഭ: 51 അംഗങ്ങള്‍ക്കെതിരേ ക്രിമിനല്‍ കേസുകള്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ഉപരിസഭയായ രാജ്യസഭയില്‍ 51 അംഗങ്ങള്‍  കൊലപാതകമടക്കമുള്ള ക്രമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് റിപോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് (എഡിആര്‍) എന്ന സന്നദ്ധസംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എംപിമാര്‍ തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയിരിക്കുന്നത്. 233 രാജ്യസഭാ എംപിമാരില്‍ 229 പേരുടെ നാമനിര്‍ദേശ പത്രികകളാണ് എഡിആര്‍ പരിശോധിച്ചത്.
മൊത്തം അംഗങ്ങളുടെ 22 ശതമാനത്തോളമാണ് ക്രിമിനല്‍ കേസുകളിലെ പ്രതികള്‍. ഇവരില്‍ 20 പേര്‍ കൊലപാതക മുള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണെന്നും അംഗങ്ങള്‍ തന്നെ സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ച് തയ്യാറാക്കിയ പഠന റിപോര്‍ട്ടില്‍ പറയുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള എട്ട് എംപിമാര്‍ക്കെതിരേ ക്രിമിനല്‍ കേസുകളുണ്ട്. ബിഹാര്‍- ഏഴ്, ഉത്തര്‍പ്രദേശ്-ആറ്, തമിഴ്‌നാട്-ആറ്, മധ്യപ്രദേശ്- മൂന്ന് എന്നിവയാണ് ഇക്കാര്യത്തില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിറകിലുള്ള സംസ്ഥാനങ്ങള്‍.
ക്രിമിനല്‍ കേസ് പ്രതികളെ രാജ്യസഭയിലേക്ക് അയച്ചതില്‍ ബിജെപിയാണ് ഒന്നാംസ്ഥാനത്ത്. ബിജെപിയുടെ 14 രാജ്യസഭാ എംപിമാര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ്. എട്ട് എംപിമാരുമായി കോണ്‍ഗ്രസ്സാണ് രണ്ടാമത്. നാലുപേരുമായി എഐഎഡിഎംകെയാണ് മൂന്നാംസ്ഥാനത്ത്. സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് മൂന്നുപേര്‍ക്കും തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ഒരംഗത്തിനും എതിരേ ക്രിമിനല്‍ കേസുണ്ട്. ഗുരുതരമായ ക്രിമിനല്‍ കേസുകളുള്ള അഞ്ചു പേരെയാണ് കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് അയച്ചത്. ഈ ഗണത്തില്‍ ബിജെപി നാലും ആര്‍ജെഡി രണ്ടും സമാജ്‌വാദി പാര്‍ട്ടിയും ബിജു ജനതാദളും ഓരോരുത്തരെയും സഭയിലേക്ക് അയച്ചു.
രാജ്യസഭയിലെ 201 അംഗങ്ങളും ഒരു കോടിയോ അതിനു മുകളിലോ ആസ്തിയുള്ളവരാണ്. 84 പേര്‍ക്ക് 10 കോടിയില്‍ അധികം രൂപയുടെ ആസ്തിയുണ്ട്. കേരളത്തില്‍ നിന്നുള്ള എംപി വീരേന്ദ്രകുമാര്‍, വയലാര്‍ രവി എന്നിവരടക്കം പരസഹായം കൂടാതെ നടക്കാനോ മറ്റു കാര്യങ്ങള്‍ ചെയ്യാനോ സാധിക്കാത്ത അരഡസനോളം അംഗങ്ങളും രാജ്യസഭയിലുണ്ട്.

RELATED STORIES

Share it
Top