രാജ്യസഭയില്‍ ബിജെപിക്ക് രണ്ടു സീറ്റ് നഷ്ടമാവും

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ബിജെപിക്കു രാജ്യസഭയില്‍ പ്രഹരമാവും. അടുത്ത ഏപ്രിലോടെ കാലാവധി പൂര്‍ത്തിയാവുന്ന ഗുജറാത്തില്‍ നിന്നുള്ള നാലു രാജ്യസഭാ അംഗങ്ങളില്‍ രണ്ടു പേരെ മാത്രമേ ബിജെപിക്കു ജയിപ്പിച്ചെടുക്കാനാവൂ. നിലവില്‍ ബിജെപി അംഗങ്ങള്‍ കൈവശം വച്ചിരിക്കുന്ന, സംസ്ഥാനത്തു നിന്നുള്ള നാലു സീറ്റുകളാണ് കാലാവധി പൂര്‍ത്തിയാവാനിരിക്കുന്നത്. 99 അംഗങ്ങളുള്ള ബിജെപിക്ക് രണ്ടു സ്ഥാനാര്‍ഥികളെ മാത്രമേ വിജയിപ്പിച്ചെടുക്കാനാവൂ. ഗുജറാത്ത് നിയമസഭയില്‍ നിന്നു രാജ്യസഭയിലെത്തുന്നതിന് ഒരു സ്ഥാനാര്‍ഥിക്ക് 36 എംഎല്‍എമാരുടെ പിന്തുണയാണു വേണ്ടത്. എന്നാല്‍ 99 സീറ്റുകളുള്ള ബിജെപിക്ക് രണ്ട് സീറ്റുകളിലേക്ക് മാത്രമേ വിജയിപ്പിച്ചെടുക്കാനാവൂ. 77 സീറ്റുകളുള്ള കോണ്‍ഗ്രസ്സിനും രണ്ട് സീറ്റുകള്‍ വിജയിപ്പിക്കാനാവും. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെടെയുള്ള നാല് പേരാണ് അടുത്ത ഏപ്രിലോടെ രാജ്യസഭയിലെ കാലവധി പൂര്‍ത്തിയാക്കുന്നത്. നിലവില്‍ ഗുജറാത്തില്‍ നിന്ന് ആകെയുള്ള 11 രാജ്യസഭാ സീറ്റില്‍ ഒമ്പതു പേര്‍ ബിജെപി അംഗങ്ങളാണ്. അടുത്ത തിരഞ്ഞെടുപ്പോടെ ഇത് ഏഴായി കുറയും. അതേസമയം, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപിക്കു കൂടുതല്‍ അംഗങ്ങളെ വിജയിപ്പിച്ചെടുക്കാനും രാജ്യസഭയിലെ അംഗബലം വര്‍ധിപ്പിക്കാനും സാധിക്കും.  യുപിയില്‍ നിന്ന് ഒഴിവുവരുന്ന ഒമ്പതു സീറ്റില്‍ ഏഴു സീറ്റും മഹാരാഷ്ട്രയില്‍ നിന്നു രണ്ടു സീറ്റും ബിജെപിക്ക് നേടാനാവും. അടുത്ത ജനുവരി, ഏപ്രില്‍, മെയ് മാസങ്ങളിലായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി ഒഴിവുകളാണ് രാജ്യസഭയിലേക്കു വരുന്നത്. ഏപ്രിലില്‍ തെലുങ്കാന (രണ്ട്), ഹിമാചല്‍ പ്രദേശില്‍ നിന്ന് ഒന്ന്, യു പി (9), മഹാരാഷ്ട്ര (6), ബംഗാള്‍  4, ബിഹാര്‍ 5, മധ്യപ്രദേശ് 5, കര്‍ണാടക 4, ആന്ധപ്രദേശ് 3, ഒഡീഷ്യ 3, രാജസ്ഥാന്‍ 3, ഉത്തരാഖണ്ഡ് ഒന്ന്, ഹരിയാനയില്‍ നിന്ന് ഒന്ന്, ചത്തീസ്ഗഡ് ഒന്ന്, നോമിനേറ്റഡ് മൂന്ന് എന്നിവയും ജനുവരില്‍ ഡല്‍ഹിയില്‍ നിന്ന് മൂന്നു സീറ്റും മെയില്‍ കേരളത്തില്‍ നിന്നു മൂന്നു സീറ്റും ജാര്‍ഖണ്ഡില്‍ നിന്ന് രണ്ട് സീറ്റും ഒഴിവു വരും.

RELATED STORIES

Share it
Top