രാജ്യത്ത് നീതിന്യായവ്യവസ്ഥയ്ക്ക് സ്വാതന്ത്ര്യമില്ല: ജസ്റ്റിസ് ബി കെമാല്‍ പാഷ

കോട്ടയം: രാജ്യത്ത് നീതിന്യായവ്യവസ്ഥയ്ക്ക് സ്വാതന്ത്ര്യമില്ലെന്ന് ജസ്റ്റിസ് ബി കെമാല്‍ പാഷ. എംജി യൂനിവേഴ്‌സിറ്റി എംപ്ലോയിസ് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ നെടും തൂണുകളിലൊന്നാണ് നീതിന്യായവ്യവസ്ഥ. എന്നാല്‍ ഇന്ത്യയില്‍ ചീഫ് ജസ്റ്റിസിന് മൊട്ടുസൂചി വാങ്ങണമെങ്കില്‍ കൂടി സര്‍ക്കാരിന്റെ അനുമതി വേണം.
അതിനാല്‍ വ്യവസ്ഥയിലേയ്ക്കുള്ള കടന്നുകയറ്റം കൂടുതലാണ്. ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ട് ഭരിച്ചാല്‍ ജനങ്ങള്‍ക്ക് നീതി ലഭിക്കും. വിവിധ മതഗ്രന്ഥങ്ങളുടെ നല്ല സാരംശങ്ങള്‍ ഉള്‍ക്കൊണ്ടാണ് മൗലികാവകാശങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുള്ളത്. മതനിരപേക്ഷത നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ.
ഇവിടെ മതത്തിന്റെ പേരിലുള്ള വിലപേശല്‍ വ്യവസ്ഥിതിയെ നശിപ്പിക്കും. സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതൊന്നും പാടില്ലെന്ന് ഭരണഘടന അനുശാസിക്കുന്നു. അതിന് മതപരമായ വിവേചനം പാടില്ല. സമൂഹത്തില്‍ സാമ്പത്തിക സമത്വം ഉറപ്പാക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തി വേണം. അവിടെ നിയമത്തിനും കോടതിക്കും ഒന്നും ചെയ്യാനാവില്ല.
ഇന്ത്യയുടെ സമ്പത്ത് ഇപ്പോള്‍ പലരുടെ കൈകളിലായി ലോകരാജ്യങ്ങളിലാണ്. സോണി ഷംസ് മോഡറേറ്റര്‍ ആയിരുന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങാളായ ഡോ. കെ ഷറഫുദീന്‍, ഡോ. എ ജോസ്, ഡോ. ആര്‍ പ്രഗാഷ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ പ്രഫ. സി എച്ച് അബ്ദുല്‍ ലത്തീഫ്, പ്രശാന്ത് രാജന്‍ സംസാരിച്ചു.

RELATED STORIES

Share it
Top