രാജ്യത്ത് ഓരോ ദിവസവും അഞ്ച് കസ്റ്റഡി മരണങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഓരോ ദിവസവും അഞ്ചു കസ്റ്റഡി മരണങ്ങള്‍ നടക്കുന്നതായി പഠന റിപോര്‍ട്ട്. 2017 ഏപ്രില്‍ മുതല്‍ 2018 ഫെബ്രുവരി വരെയുള്ള കാലത്തിനിടയ്ക്കു നടന്ന കസ്റ്റഡി മരണങ്ങളെ ക്കുറിച്ചും ജയില്‍ നിലവാരത്തെക്കുറിച്ചും ഏഷ്യന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് നടത്തിയ പഠനത്തിലാണു വിവരം.
“ടോര്‍ച്ചര്‍ അപ്‌ഡേറ്റ് ഇന്ത്യ’ എന്ന തലക്കെട്ടിലാണു പഠന റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇക്കാലയളവില്‍ 1674 കസ്റ്റഡി മരണങ്ങളാണു രാജ്യത്തു സംഭവിച്ചതെന്നു മാര്‍ച്ച് 14ന് ആഭ്യന്തര മന്ത്രാലയം രാജ്യസഭയ്ക്കു മുമ്പില്‍ സമര്‍പ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 1530 എണ്ണം ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയും 144 എണ്ണം പോലിസ് കസ്റ്റഡിയിലിരിക്കെയുമാണു സംഭവിച്ചത്. 2001-2010 കാലത്തിനിടയ്ക്കു ദിവസം ശരാശരി നാലു കസ്റ്റഡി മരണങ്ങളാണ് (14231 എണ്ണം) നടന്നിരുന്നതെങ്കില്‍ 2017-18 വര്‍ഷത്തിനിടയ്ക്ക് ഭയാനകമായ വളര്‍ച്ചയാണ് ഇക്കാര്യത്തിലുണ്ടായത്. കസ്റ്റഡി മരണങ്ങള്‍ മാത്രമല്ല, ജയിലിലെ വളരെ മോശം സാഹചര്യവും റിപോര്‍ട്ട് എടുത്തുകാണിക്കുന്നുണ്ട്. രാജ്യത്തെ ജയിലുകളില്‍ ഉള്‍കൊള്ളാവുന്നതിന്റെ 14 ശതമാനം അധികം ആളുകളെയാണു പാര്‍പ്പിച്ചിരിക്കുന്നതെന്ന് നാഷനല്‍ ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
1401 ജയിലുകളില്‍ 149 എണ്ണത്തില്‍ 200 ശതമാനത്തിലധികമാണു തടവുകാര്‍. തമിഴ്‌നാട്ടിലെ ഈറോഡിലെ സത്യമംഗലം സബ് ജയിലില്‍ 1250 ശതമാനമാണ് അധിക തടവുകാരുടെ എണ്ണം. ഇവിടെ 16 പേരുടെ സൗകര്യങ്ങള്‍ 200 തടവുകാരാണ് ഉപയോഗിക്കുന്നത്.
ജയിലിലെ തടവുകാരുടെ എണ്ണത്തിലുള്ള വര്‍ധന പരിഹരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കണമെന്നു സുപ്രിംകോടതി സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരും ഇതുവരെ ഇതിനു മറുപടി നല്‍കിയിട്ടില്ലെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top