രാജ്യത്തെ എല്ലാവരും സസ്യാഹാരം കഴിക്കണമെന്ന് ഉത്തരവിടാനാവില്ല:

സുപ്രിംകോടതിന്യൂഡല്‍ഹി: രാജ്യത്തെ എല്ലാവരും സസ്യാഹാരം കഴിക്കുന്നവരാവണമെന്ന് ഉത്തരവിടാന്‍ കഴിയില്ലെന്നു സുപ്രിംകോടതി. ആഹാരത്തിനും തുകലിനുമായി മാംസം കയറ്റുമതി ചെയ്യുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട പൊതുതാല്‍പര്യ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
രാജ്യത്തെ എല്ലാവരും സസ്യാഹാരികളായി മാറണമെന്നാണോ പറയുന്നതെന്നും കോടതി ഹരജിക്കാരോട് ചോദിച്ചു. കേസ് പരിഗണിക്കുന്നത് കോടതി അടുത്ത വര്‍ഷം ഫെബ്രുവരിയിലേക്ക് മാറ്റി. നിരോധനം ആവശ്യപ്പെട്ട് വെല്‍ത്തി എത്തിക്കല്‍ വേള്‍ഡ്, ഗൈഡ് ഇന്ത്യാ ട്രസ്റ്റ് എന്നീ സര്‍ക്കാരേതര സംഘടനകളാണ് പൊതുതാല്‍പര്യ ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്.
ഹരിയാനയിലെ ഗുഡ്ഗാവില്‍ ശിവസേനയുള്‍പ്പെടെയുള്ള സംഘടനകള്‍ ചേര്‍ന്ന് 400 മാംസക്കടകള്‍ ബലമായി അടപ്പിച്ചിരുന്നു. നവരാത്രി ആഘോഷകാലത്ത് ഒമ്പതു ദിവസം ഈ കടകള്‍ പ്രവര്‍ത്തിക്കരുതെന്നാവശ്യപ്പെട്ടാണ് കടകള്‍ അടപ്പിച്ചത്. എന്നാല്‍, നവരാത്രി ദിനത്തില്‍ മാത്രം കടകള്‍ അടപ്പിക്കാമെന്നും ഒമ്പതു ദിവസം അടപ്പിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. ഈ പശ്ചാത്തലത്തിലാണ് ഈ സംഘടനകള്‍ സുപ്രിംകോടതിയിലെത്തുന്നത്.
കടകള്‍ തുറക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും അതുമൂലമുണ്ടാവുന്ന പ്രശ്‌നങ്ങളുടെ ഉത്തരവാദി സര്‍ക്കാര്‍ മാത്രമായിരിക്കുമെന്നുമാണ് അക്രമത്തിനു നേതൃത്വം കൊടുക്കുന്ന സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതി വ്യക്തമാക്കിയത്.

RELATED STORIES

Share it
Top