രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ജില്ലയായി കൊല്ലം ്‌

കൊല്ലം:ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ലയായി മാറുകയാണ് കൊല്ലം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഭക്ഷ്യോല്‍പന്ന ഉല്‍പാദന-വില്‍പ്പന-വിതരണ മേഖലയിലെ 90 ശതമാനം സംരംഭകര്‍ക്കും രജിസ്‌ട്രേഷനും ലൈസന്‍സും നല്‍കിയാണ് നേട്ടം കൈവരിച്ചത്. ഈ പശ്ചാത്തലത്തിലാണ് സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ജില്ലപ്രഖ്യാപനം 19ന് ആരോഗ്യ-ഭക്ഷ്യസുരക്ഷാ മന്ത്രി കെകെ ശൈലജ നിര്‍വഹിക്കുക. ഇതുവരെ 29,000 സംരംഭകര്‍ക്കാണ് രജിസ്‌ട്രേഷനും ലൈസന്‍സും വിതരണം ചെയ്തത്. ശേഷിക്കുന്ന 10 ശതമാനത്തിന്റെ പട്ടിക തയ്യാറാക്കി നടപടികള്‍ പൂര്‍ത്തീകരിക്കുകയുമാണ്. ബേക്കറികള്‍, ഓഡിറ്റോറിയങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, അന്നദാനകേന്ദ്രങ്ങള്‍, പൊതുവിതരണ ശൃംഖല, ഹോസ്റ്റലുകള്‍, ബെവ്‌റിജസ് കോര്‍പറേഷന്റെ സ്ഥാപനങ്ങള്‍ തുടങ്ങി ഭക്ഷ്യോല്‍പാദന പരിധിയില്‍  വരുന്ന സ്ഥാപനങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയാണ് ജില്ലാതലത്തില്‍ സമ്പൂര്‍ണത കൈവരിച്ചത്. മല്‍സ്യമേഖലയില്‍ ഐസ് പ്ലാന്റുകളും കശുവണ്ടി മേഖലയിലെ ഫാക്ടറികളുമെല്ലാം ലൈസന്‍സിങ്ങിന് വിധേയമാക്കി. 23 വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് പ്രവര്‍ത്തനം നടത്തിയത്. രണ്ട് മാസക്കാലയളവില്‍ 29 രജിസ്‌ട്രേഷന്‍-ലൈസന്‍സിങ് മേളകളാണ് ജില്ലയൊട്ടാകെ നടത്തിയത്. ഭക്ഷ്യോല്‍പാദന രംഗത്തേക്ക് പുതുതായി കടന്നുവന്ന 9,500 സംരംഭകരെ തുടക്കത്തില്‍ തന്നെ നിയമത്തിന്റെ പരിധിയിലേക്ക് കൊണ്ടുവാരാനായെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ കെ അജിത്ത് കുമാര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷാ സര്‍ട്ടിഫിക്കറ്റ് ജില്ലാതലവിതരണോദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. എസ് കാര്‍ത്തികയേന്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും സുരക്ഷിതമായിരിക്കേണ്ടത് ആരോഗ്യ പരിപാലനത്തില്‍ പ്രധാനമാണെന്നും എല്ലാവരും നിയമപരമായ ലൈസന്‍സ് നേടാന്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

RELATED STORIES

Share it
Top