രാജ്യത്തെ ആദ്യ ശിശു- വനിതാ സൗഹൃദ സ്റ്റേഷന്‍ കടവന്ത്രയില്‍കൊച്ചി: രാജ്യത്തെ ആദ്യത്തെ ശിശു-വനിതാ സൗഹൃദ പോലിസ് സ്റ്റേഷനാവാന്‍ കടവന്ത്ര സ്റ്റേഷന്‍ തയ്യാറെടുക്കുന്നു. ഔപചാരിക പ്രഖ്യാപനം രണ്ടാഴ്ചയ്ക്കകമുണ്ടാവും. കടവന്ത്ര സ്റ്റേഷനിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇനി ആശങ്കയില്ലാതെ പരാതി പങ്കുവയ്ക്കാം. താരാട്ടുപാടി കുഞ്ഞിനെ തൊട്ടിലാട്ടാം. കുട്ടികളെ കളിക്കാന്‍ വിട്ട് അമ്മമാര്‍ക്ക് വിശ്രമിക്കാം. പ്രത്യേക മുറിയിലിരുന്നു കുഞ്ഞുങ്ങളെ മുലയൂട്ടാം. ലൈബ്രറി സൗകര്യവും പ്രയോജനപ്പെടുത്താം. ലൈബ്രറിയുടെ സജ്ജീകരണം ഒഴികെ മറ്റെല്ലാ പണികളും ഇവിടെ പൂര്‍ത്തിയായി.സ്ത്രീസൗഹൃദ സ്റ്റേഷനെന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിലാണ് കടവന്ത്രയെ തിരഞ്ഞെടുത്തത്. വനിതാ ഓഫിസര്‍മാരാവും ഇവിടെ സ്ത്രീകളുടെയും കുട്ടികളുടെയും പരാതികള്‍ കേള്‍ക്കുക. സ്ത്രീകളുടെ സ്വകാര്യത സംരക്ഷിച്ചാവും എല്ലാ നടപടികളും. എന്ത് സഹായത്തിനും പോലിസിനെ സമീപിക്കാം. അക്രമങ്ങളില്‍നിന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കുന്ന നിയമങ്ങളും വകുപ്പുകളും വിവരിക്കുന്ന പുസ്തകങ്ങള്‍, ലഘുലേഖകള്‍, പോസ്റ്ററുകള്‍ എന്നിവയാണ് ലൈബ്രറിയില്‍ സജ്ജീകരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്‌സോ, ഗാര്‍ഹിക പീഡന നിയമം തുടങ്ങിയ നിയമങ്ങള്‍ സംബന്ധിച്ച റഫറന്‍സ് പുസ്തകങ്ങള്‍ വായിക്കാനും സംശയം തീര്‍ക്കാനും സൗകര്യമുണ്ടാവും. ആവശ്യമായ വിവരങ്ങള്‍ കുറിച്ചെടുക്കാം. ലഘുലേഖകള്‍ സൗജന്യമായി നല്‍കും. ഓരോ നിയമത്തിന്റെയും വകുപ്പുകള്‍, ഉപവകുപ്പുകള്‍, പരാതി നല്‍കേണ്ട വിധം, ആരെ സമീപിക്കണം തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ ഡിസ്‌പ്ലേ ബോര്‍ഡുകളുണ്ടാവും. കംപ്യൂട്ടര്‍ സ്‌ക്രീനില്‍ വിവരങ്ങള്‍ നല്‍കാനും പദ്ധതിയുണ്ട്. നിലവിലെ സ്റ്റേഷന്റെ മുന്‍ഭാഗത്താണ് പുതിയ സംവിധാനമൊരുക്കിയത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തെ അഞ്ച് സ്റ്റേഷനുകളിലാണ് ശിശു-വനിതാ സൗഹൃദ സ്റ്റേഷനാവാനുള്ള നടപടി പുരോഗമിക്കുന്നത്. ശിശു-വനിതാ സൗഹൃദ പോലിസ് രാജ്യത്ത് പുത്തന്‍ അനുഭവമാവുമെന്ന് എസിപി കെ ലാല്‍ജി പറഞ്ഞു.

RELATED STORIES

Share it
Top