രാജ്യത്തെ ആദ്യ നൈപുണ്യ വികസന കേന്ദ്രത്തിന്റെ മേന്‍മ കടലാസില്‍ മാത്രം

ചവറ:കേരളത്തിലെ യുവ വിദ്യാര്‍ഥി സമൂഹത്തെ തൊഴില്‍പരമായും ഭാഷാപരമായും ലോക നിലവാരത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്താദ്യമായി ചവറയില്‍ ആരംഭിച്ച സ്ഥാപനമായ കൗശല്‍ കേന്ദ്രയുടെ പ്രവര്‍ത്തനം അവതാളത്തില്‍. ഉദ്ഘാടനം കഴിഞ്ഞ് നാളിത് വരെയായിട്ടും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഈ വിദ്യാഭ്യാസ സ്ഥാപനത്തെ ഉയര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല.വിദ്യാര്‍ഥികളുടെ ലക്ഷ്യത്തിനനുസരിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുള്ള അസസ്സ്‌മെന്റ് ആന്റ് കരിയര്‍ ഗൈഡന്‍സ് സെല്‍, ലോകത്തിലെ ഏറ്റവും മുന്‍നിരയിലുള്ള ഗ്രന്ഥശാലകളെ കോര്‍ത്തിണക്കി പുതു തലമുറയില്‍ വായനാശീലം വളര്‍ത്തിയെടുക്കാന്‍ സൗകര്യമൊരുക്കുന്ന ഡിജിറ്റല്‍ ലൈബ്രറി, ഇംഗ്ലീഷ്, ജര്‍മ്മന്‍, ഫ്രഞ്ച് തുടങ്ങിയ ഭാഷകളില്‍ പരിശീലനം നേടുന്നതിനുമുള്ള ലാംഗ്വേജ് ലാബ്, വിവിധ മേഖലകളില്‍ അത്യാധുനിക സാങ്കേതിക പരിശീലനത്തോടൊപ്പം വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തോടെയുള്ള മള്‍ട്ടി സ്‌കില്‍ സെന്റര്‍ എന്നിവ സജ്ജമാക്കിയാണ് കൗശല്‍ കേന്ദ്ര പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും രാജ്യത്തെ ആദ്യ അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനം എന്ന പദവി ഇനിയും നേടാനായിട്ടില്ല. 2015 ജൂലൈയില്‍ ചവറ ജങ്ഷന് സമീപം പഴയ പ്രിമോ പൈപ്പ് ഫാക്ടറി നിന്നിരുന്ന സ്ഥലത്താണ് മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ ശ്രമഫലമായി രാജ്യത്തെ ആദ്യ നൈപുണ്യ വികസന കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നത്.  പദ്ധതി വിഭാവനം ചെയ്യുന്ന ഘട്ടത്തില്‍  ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, ഇറ്റാലിയന്‍, അറബിക് തുടങ്ങി 12 ഓളം  വിദേശ ഭാഷകളുടെ പഠനം  ആരംഭിക്കാന്‍ പദ്ധതിയിട്ടെങ്കിലും വിദ്യാര്‍ഥികളുടെ  കുറവ് കാരണം ഇംഗ്ലീഷ് ഭാഷാ പഠനത്തിലേക്ക് മാത്രം കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ചുരുങ്ങി.  ആദ്യ ഘട്ടത്തില്‍ 600 പേര്‍ രജിസ്റ്റര്‍ ചെയ്ത് പഠനം തുടങ്ങിയെങ്കിലും പിന്നീട് രണ്ട് ബാച്ച് മാത്രമായി ചുരുങ്ങി.  തൊഴില്‍ രംഗത്ത് ആവശ്യമായ പരിജ്ഞാനമുണ്ടെങ്കിലും ഭാഷാ രംഗത്തുളള കുറവ് പലപ്പോഴും ഉദ്യോഗാര്‍ഥികള്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാവാറുണ്ട്. ഇതിന് മാറ്റം വരുത്തി വിവിധ ഭാഷകളില്‍ വേണ്ടത്ര പരിജ്ഞാനമുണ്ടാക്കാന്‍ ഇവിടുത്തെ 60 മണിക്കൂര്‍ ക്ലാസ് കൊണ്ട് കഴിയുമായിരുന്നെങ്കിലും സര്‍ക്കാര്‍ ആവശ്യമായ പരിഗണന ഇതിന് നല്‍കിയിട്ടില്ല. ഏത് വിഷയത്തെ കുറിച്ചും  തല്‍സമയം മറുപടി ലഭിക്കുന്നതിനായി അന്താരാഷ്ട്ര തലത്തിലുളള ലൈബ്രറിയുമായി കൗശല്‍ കേന്ദ്ര ബന്ധിപ്പിച്ചിരുന്നു. അവിടെ നിന്നും ഇ ബുക്കായിട്ടായിരിക്കും മറുപടി ലഭിക്കുക. ഏറെ പ്രയോജനകരമായിരുന്ന ഡിജിറ്റല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ നിലച്ച മട്ടാണ്. നാഷനല്‍ സ്‌കില്‍സ് ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍ അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെ വ്യവസായ മേഖലയ്ക്ക് അനുയോജ്യമായ തൊഴിലധിഷ്ഠിത പരിശീലനം നല്‍കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും പുതിയ സര്‍ക്കാര്‍ ഈ കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്തേണ്ടിയിരിക്കുന്നു. കമ്മ്യൂനിറ്റി സ്‌കില്‍ പാര്‍ക്ക് എന്ന ലക്ഷ്യാേടെയാണ് സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തിലുള്ള കേരള അക്കാദമി ഓഫ് സ്‌കില്‍ എക്‌സലന്‍സിന്റെ ആഭിമുഖ്യത്തില്‍ കൗശല്‍ കേന്ദ്രത്തെ ഏറ്റെടുത്തത്. ചവറ കൗശല്‍ കേന്ദ്ര ഇപ്പോള്‍ കൊല്‍ക്കത്ത കേന്ദ്രമാക്കിയുള്ള ഐസിഎ എഡ്യൂസ് സ്‌കില്‍സ് എന്ന കമ്പനിയാണ് തൊഴില്‍ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ഏറ്റെടുത്തിരിക്കുന്നത്‌കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍  കൗശല്‍ കേന്ദ്രയെ വേണ്ട വിധത്തില്‍ പരിഗണിക്കണമെന്ന ആവശ്യം ജനങ്ങളില്‍ ശക്തമാണ്.

RELATED STORIES

Share it
Top