രാജ്യത്തെ ആദ്യ ടെലി മെഡിസിന്‍ സംവിധാനവുമായി ചാലിയാര്‍ പഞ്ചായത്ത്

മലപ്പുറം: രാജ്യത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആദ്യ ടെലി മെഡിസിന്‍ സംവിധാനം മലപ്പുറം ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തില്‍ നിലവില്‍ വരുന്നു.  പി വി അബ്ദുല്‍ വഹാബ് എംപിയുടെ ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ ചെലവിട്ട് മൂന്നു മാസത്തിനകം  പദ്ധതി യാഥാര്‍ഥ്യമാക്കും.  ആദര്‍ശ ഗ്രാമ പദ്ധതി പ്രകാരം എംപി ദത്തെടുത്ത ഗ്രാമമാണ് ചാലിയാര്‍. 36 ആദിവാസി കോളനികളുണ്ട് ഈ പഞ്ചായത്തില്‍.  അവര്‍ക്ക് മികച്ച വൈദ്യസഹായം ഒരുക്കുക എന്നതാണ് പദ്ധതി ലക്ഷ്യം.
രാജ്യത്ത് ആദ്യമായാണ് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തരം ബൃഹത്തരമായൊരു പദ്ധതി നടപ്പാക്കുന്നത്. ചാലിയാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംവിധാനം തുടങ്ങുന്നത്. രോഗിയും ഡോക്ടറും തമ്മില്‍ വീഡിയോ വഴി ആധുനിക സൗകര്യത്തോടെ ചികില്‍സതേടുന്നതാണു ടെലിമെഡിസിന്‍.
ആദിവാസികള്‍ പലരും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാണ് ചികില്‍സ തേടുന്നത്.  മികച്ച ആശുപത്രികളെ സമീപിക്കുകയോ, സാധാരണ ഗതിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം തേടുകയോ  ചെയ്യാറില്ല.  പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ടെലി മെഡിസിന്‍ സംവിധാനം ഉപയോഗിച്ച് ഇവര്‍ക്ക് മികച്ച ചികില്‍സ തേടാനാവും.  ഇതുമൂലം ആദിവാസി സമൂഹത്തിന്റെ ആരോഗ്യം ഉറപ്പ് വരുത്തുന്നതില്‍ വന്‍ കുതിച്ചു ചാട്ടം നടത്താനാവുമെന്ന് പി വി അബ്ദുല്‍ വഹാബ് എംപി പറഞ്ഞു. ജില്ലാ ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.  ജില്ലാ ആശുപത്രി നിലമ്പൂര്‍, മഞ്ചേരി മെഡിക്കല്‍ കോളജ്, കോഴിക്കോട് മിംസ് ആശുപത്രി എന്നിവിടങ്ങളിലെ ഡോക്ടര്‍മാരാണ് രോഗികളെ ടെലിമെഡിസിന്‍ സംവിധാനം വഴി പരിശോധിക്കുക.

RELATED STORIES

Share it
Top