രാജ്യത്തിന് വഴികാട്ടുന്ന കേരളം

ടി  പി  രാമകൃഷ്ണന്‍
തൊഴിലും തൊഴില്‍ സുരക്ഷിതത്വവും തൊഴിലാളികളുടെ അവകാശങ്ങളും നിഷേധിക്കപ്പെടുകയും സാമൂഹിക-സാമ്പത്തിക രംഗങ്ങളിലെ പ്രതിസന്ധികള്‍ ജനജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സാര്‍വദേശീയ തൊഴിലാളി ദിനം വന്നെത്തിയിരിക്കുന്നത്.
വര്‍ഗീയതയും അസഹിഷ്ണുതയും ജാതിവിവേചനവും ജാതീയമായ ആക്രമണങ്ങളും ഒരുഭാഗത്ത്. പെരുകുന്ന ദാരിദ്ര്യവും അസമത്വവും കാര്‍ഷിക-വ്യാവസായിക മേഖലകളിലെ തകര്‍ച്ച, തളരുന്ന സമ്പദ്ഘടന, തൊഴിലില്ലായ്മ, ഭരണഘടനാ സ്ഥാപനങ്ങള്‍ക്കു നേരെയുള്ള വെല്ലുവിളികള്‍, ഭരണഘടനാ സ്ഥാപനങ്ങളുടെ വര്‍ഗീയവല്‍ക്കരണം തുടങ്ങി നിരവധി പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ആപത്കരമായ ഈ അവസ്ഥ തൊഴിലാളിവര്‍ഗത്തിന്റെ രാഷ്ട്രീയ-സാമൂഹിക ഉത്തരവാദിത്തം ഏറെ വര്‍ധിക്കുന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.
സ്ഥിരം തൊഴില്‍ എന്നത് സങ്കല്‍പം മാത്രമായി മാറുകയാണ്. തന്നിഷ്ടം പോലെ തൊഴിലാളിയെ നിയമിക്കാനും തോന്നുമ്പോള്‍ പിരിച്ചുവിടാനും ഉടമകള്‍ക്ക് അധികാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ നിയമ ഭേദഗതി കൊണ്ടുവന്നുകഴിഞ്ഞു. തൊഴിലാളികള്‍ക്ക് ഉണ്ടായിരുന്ന നിയമപരമായ പരിരക്ഷ നിഷേധിക്കുകയും കുത്തകകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും സംരക്ഷണം നല്‍കുകയുമാണ് കേന്ദ്ര സര്‍ക്കാര്‍. നിയമപരമായ ഒരാനുകൂല്യവുമില്ലാത്ത തൊഴിലാളികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. തൊഴില്‍നിയമങ്ങളുടെ സംരക്ഷണം, കൂലിയും ഇതര ആനുകൂല്യങ്ങളും, സാമൂഹിക സുരക്ഷ തുടങ്ങി തൊഴിലാളികള്‍ക്കു ലഭിച്ചുവന്ന ആനുകൂല്യങ്ങളും പരിരക്ഷയുമൊക്കെ കേന്ദ്ര ഗവണ്‍മെന്റ് കുത്തകകള്‍ക്കു വേണ്ടി മാറ്റിയെഴുതുകയാണ്. വേതനം മരവിപ്പിക്കലും വെട്ടിക്കുറക്കലും പിരിച്ചുവിടലും വ്യാപകമായി.
പ്രതിവര്‍ഷം രണ്ടു കോടി തൊഴിലവസരമാണ് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നത്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ലെന്നു മാത്രമല്ല, ലക്ഷക്കണക്കിനു തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. കാര്‍ഷിക തകര്‍ച്ചയാകട്ടെ കൃഷിക്കാരെ വഴിയാധാരമാക്കുന്നതിനൊപ്പം ലക്ഷക്കണക്കിനു തൊഴില്‍രഹിതരെയാണ്  സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണ നടപടികള്‍ക്ക് വേഗമേറി. പ്രതിരോധ മേഖല ഉള്‍പ്പെടെ വിദേശ മൂലധനശക്തികള്‍ക്ക് തുറന്നിട്ടുകൊടുത്തിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നില്ല. കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും വില്‍പനയ്ക്കു വച്ചിരിക്കുകയാണ്.
സങ്കീര്‍ണമായ ഈ പരിതഃസ്ഥിതിയിലും ജനപക്ഷ ബദല്‍ നയങ്ങളുമായി കേരളം രാജ്യത്തിനു വഴികാട്ടിയാവുകയാണ്. ജനക്ഷേമവും സമഗ്ര വികസനവുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നിറവേറ്റിയും ജനങ്ങളുടെ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാക്കിയും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.  ക്രമസമാധാനപാലനം, പൊതു ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തല്‍, പൊതുവിദ്യാഭ്യാസ സംരക്ഷണം, പശ്ചാത്തലസൗകര്യ വികസനം, വിലക്കയറ്റം തടഞ്ഞ് പൊതുവിതരണ സംവിധാനം വിപുലപ്പെടുത്തല്‍, പൊതുമേഖലാ വ്യവസായങ്ങളുടെയും പരമ്പരാഗത വ്യവസായമേഖലയുടെയും സംരക്ഷണം, കാര്‍ഷികോല്‍പാദന വര്‍ധന, വൈദ്യുതീകരണം തുടങ്ങി എല്ലാ മേഖലയിലും ഉണ്ടായ നേട്ടങ്ങള്‍ ജനങ്ങള്‍ അനുഭവിച്ചറിയുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും തൊഴില്‍ സുരക്ഷിതത്വവും സാമൂഹിക സുരക്ഷയും ഉറപ്പുവരുത്തുന്നതിലും അഭിമാനകരമായ നേട്ടങ്ങളാണ് സര്‍ക്കാര്‍ കൈവരിച്ചത്.
തൊഴിലാളികളുടെ ജീവിതസുരക്ഷ സാമൂഹിക ഉത്തരവാദിത്തമായി ഏറ്റെടുത്ത സംസ്ഥാനമാണ് കേരളം. ഏതാണ്ടെല്ലാ തൊഴില്‍ മേഖലകളെയും ക്ഷേമനിധി ബോര്‍ഡുകള്‍ക്കു കീഴില്‍ കൊണ്ടുവരുകയും തൊഴിലാളികള്‍ക്ക് പെന്‍ഷനും ഇതര ആനുകൂല്യങ്ങളും നല്‍കുകയും ചെയ്യുന്നു. ക്ഷേമ പെന്‍ഷനുകള്‍ 600ല്‍ നിന്ന് 1100 രൂപയായി ഉയര്‍ത്തി. രണ്ടു വര്‍ഷത്തിനിടയില്‍ 986.68 കോടി രൂപയാണ് ക്ഷേമനിധി പെന്‍ഷനായി തൊഴിലാളികള്‍ക്ക് നല്‍കിയത്. സര്‍ക്കാര്‍ ധനസഹായത്തോടെ 1,52,857 ഗുണഭോക്താക്കള്‍ക്കായി 345.79 കോടി രൂപയും ക്ഷേമനിധി ബോര്‍ഡുകളുടെ തനതു ഫണ്ട് ഉപയോഗിച്ച് 3,03,738 ഗുണഭോക്താക്കള്‍ക്ക് 640.89 കോടി രൂപയും ഇതിനകം നല്‍കാന്‍ കഴിഞ്ഞു.
ക്ഷേമനിധി ആനുകൂല്യങ്ങളെല്ലാം കാലോചിതമായി വര്‍ധിപ്പിച്ചു. ഈയിടെയാണ് കള്ളുചെത്ത് തൊഴിലാളി പെന്‍ഷന്‍ സര്‍വീസ് കാലാവധിക്ക് അനുസൃതമായി 2000 മുതല്‍ 5000 രൂപ വരെയായി ഉയര്‍ത്തിയത്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ അര്‍ഹതാ വരുമാനപരിധി 11,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. അസംഘടിത മേഖലകളിലെ എല്ലാ തൊഴിലാളികളെയും ഏതെങ്കിലുമൊരു ക്ഷേമപദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്.
വിവിധ മേഖലകളിലെ തൊഴില്‍ സാഹചര്യവും വേതനവ്യവസ്ഥയും പരിശോധിച്ച് തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ വേതനം 600 രൂപയായി നിജപ്പെടുത്തുന്നത്് സര്‍ക്കാര്‍ പരിഗണിച്ചുവരുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തിയ ലക്ഷക്കണക്കിനു തൊഴിലാളികള്‍ സംസ്ഥാനത്തിന്റെ തൊഴില്‍ മേഖലയുടെയും സാമ്പത്തിക ഘടനയുടെയും സുപ്രധാന ഭാഗമായി മാറി. ഇവരെ അതിഥി തൊഴിലാളികളായി കേരളം കണക്കാക്കുന്നു. ഇവര്‍ക്ക് 15,000 രൂപയുടെ സൗജന്യ ചികിത്സയും രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും നല്‍കുന്ന ആവാസ് പദ്ധതി അന്താരാഷ്ട്ര ശ്രദ്ധ നേടി. 2.30 ലക്ഷത്തിലേറെ തൊഴിലാളികള്‍ ഇതിനകം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്കായി തിരുവനന്തപുരത്തും പെരുമ്പാവൂരിലും ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിച്ചു. എല്ലാ ജില്ലയിലും സെന്റര്‍ തുടങ്ങും. അതിഥി തൊഴിലാളികള്‍ക്ക് താമസസൗകര്യം നല്‍കുന്നതിന് അപ്‌നാ ഘര്‍ പദ്ധതി ആരംഭിച്ചു.
കുറഞ്ഞ വേതനക്കാരായ തൊഴിലാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ രണ്ടു കിടപ്പുമുറികളുള്ള ഫഌറ്റ് പണിതുനല്‍കുന്ന ജനനി പദ്ധതിയുടെ ഭാഗമായി ഇടുക്കി അടിമാലിയില്‍ 215 ഫഌറ്റ് പൂര്‍ത്തിയായി. എറണാകുളം പെരുമ്പാവൂരില്‍ ജനനി പദ്ധതിയില്‍ 296 ഫഌറ്റുകളുടെ നിര്‍മാണം ആരംഭിച്ചു. ഭവനം ഫൗണ്ടേഷന്‍ വഴി വിവിധ മേഖലകളിലെ തുച്ഛവരുമാനക്കാരായ തൊഴിലാളികള്‍ക്ക് പാര്‍പ്പിട സൗകര്യം ഒരുക്കും. തോട്ടം മേഖലയിലെ ഭവനരഹിതരായ തൊഴിലാളികള്‍ക്ക് 400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചു.
സംസ്ഥാനത്തെ 80 തൊഴില്‍ മേഖലകള്‍ മിനിമം വേതനനിയമത്തിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയായ എല്ലാ മിനിമം വേതനവിജ്ഞാപനങ്ങളും പുതുക്കി നിശ്ചയിച്ചു. നഴ്‌സുമാര്‍ ഉള്‍പ്പെടെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് 30 മുതല്‍ 102 ശതമാനം വരെ വേതനവര്‍ധന ഉറപ്പാക്കി വേതന പരിഷ്‌കരണ വിജ്ഞാപനം പുറപ്പെടുവിച്ചു. നഴ്‌സുമാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കുമെന്ന് ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തെ തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിച്ച് തൊഴിലാളികളെ ശോചനീയാവസ്ഥയില്‍ നിന്നു രക്ഷിക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. അടഞ്ഞുകിടക്കുന്ന തോട്ടങ്ങള്‍ തുറക്കാന്‍ ഇടപെടുകയും ഈ തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് സഹായധനം നല്‍കുകയും ചെയ്തു. തോട്ടം മേഖലയെക്കുറിച്ചുള്ള ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്.
എല്ലാ സ്ഥാപനങ്ങളിലും തൊഴില്‍ നിയമങ്ങള്‍, തൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങള്‍, മിനിമം വേതനം, സ്ത്രീസൗഹൃദ തൊഴില്‍ അന്തരീക്ഷം, വൃത്തിയുള്ള തൊഴിലിടം, മികച്ച ഉപഭോക്തൃസേവനം എന്നിവ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മികച്ച സ്ഥാപനങ്ങള്‍ക്ക് വജ്ര, ഗോള്‍ഡ്, സില്‍വര്‍ പുരസ്‌കാരങ്ങള്‍ നല്‍കും. ഇതിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തി. വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക് മികച്ച സേവനത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. തൊഴില്‍മേഖലയില്‍ ആരോഗ്യകരമായ തൊഴില്‍ സംസ്‌കാരം ശക്തിപ്പെടുത്താനും മെച്ചപ്പെട്ട തൊഴിലാളി-തൊഴിലുടമാ ബന്ധം വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ട് പുതിയ തൊഴില്‍നയത്തിനു സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്്.
ജനപക്ഷ നയങ്ങളുമായി രാജ്യത്തിനു മാതൃകയായ എല്‍ഡിഎഫ് സര്‍ക്കാരിനെ ശക്തിപ്പെടുത്താന്‍ തൊഴിലാളികള്‍ അണിചേരണം. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരും വര്‍ഗീയ-പ്രതിലോമ ശക്തികളും നടത്തുന്ന നീക്കങ്ങള്‍ ചെറുക്കുമെന്ന് ഈ സാര്‍വദേശീയ തൊഴിലാളി ദിനത്തില്‍ പ്രതിജ്ഞയെടുക്കാം. ജനങ്ങളെ ഭിന്നിപ്പിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം. സംസ്ഥാനത്തിനെതിരേ തുടര്‍ച്ചയായി നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ തുറന്നുകാട്ടാനും തൊഴിലാളികള്‍ രംഗത്തിറങ്ങണം.
എല്ലാവര്‍ക്കും മെയ് ദിനാശംസകള്‍.   ി

(തൊഴില്‍-നൈപുണി
വകുപ്പുമന്ത്രിയാണ് ലേഖകന്‍)

RELATED STORIES

Share it
Top