രാജ്യം കെട്ടിപ്പടുക്കാന്‍ അക്രമങ്ങള്‍ക്ക് നേരെ മുഖംതിരിക്കരുത്: അഡ്വ. ദീപികാ സിങ്്

തൃപ്രയാര്‍: രാജ്യം കെട്ടിപ്പടുക്കാന്‍ പഠിതാക്കള്‍ മുന്നിട്ടിറങ്ങണമെന്നും അക്രമങ്ങള്‍ക്ക് നേരെ യുവതലമുറ മുഖം തിരിക്കരുതെന്നും പ്രതികരണ ശേഷിയുള്ള ഒരു തലമുറയ്ക്ക് മാത്രമേ രാജ്യത്തിന്റെ ഭരണഘടനയും തത്വങ്ങളും സംരക്ഷിക്കാനാകൂവെന്നും കഠ്വ കേസിലെ അഭിഭാഷക അഡ്വ. ദീപിക സിംഗ് രജാവത് പറഞ്ഞു.
കഴിമ്പ്രം ഡിവിഷന്‍ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച സല്യൂട്ട് സക്‌സസ് 2018 പുരസ്‌കാര വിതരണം ഉദ്ഘാടനം ചെയ്ത് വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്ന സമൂഹം ഒരിക്കലും വികസന സമൂഹമായി മാറില്ല.
പുരുഷന്മാരുടെ ചിന്തകളിലെല്ലാം സ്ത്രീകള്‍ ചൂഷണം ചെയ്യേണ്ട സോഫ്റ്റ് ടാര്‍ജറ്റുകളാണ് എന്ന മനോഭാവത്തെ ചോദ്യം ചെയ്താല്‍ മാത്രമേ സ്ത്രീ-പുരുഷ സമത്വം യാഥാര്‍ഥ്യമാകുകയുള്ളൂ. ‘എനിക്കും കഠ്വ പീഡനകേസിലെ കുട്ടിയുടെ പ്രായത്തിലുള്ള ഒരു മകളുണ്ട് അതെന്റെ ഉറക്കം കെടുത്തിയിരുന്നു. അതായിരിക്കണം ഉത്തരവാദിത്വബോധത്തോടെ ധര്‍മ്മത്തിന്റെ പാതയില്‍ നേരിനുവേണ്ടി മരിക്കാന്‍ ഭയമില്ലാതെ പ്രവര്‍ത്തിക്കാനായത്. അതിന്റെ പേരില്‍ വധഭീഷണികളൊരുപാടുണ്ട്. ഇന്നലെ എന്റെ അനുജത്തിയെ മോശമായി ചിത്രീകരിച്ച് സോഷ്യല്‍മീഡിയയിലൂടെ പ്രചരണം നടത്തിയിരുന്നു.
ജമ്മു-കാശ്മീരില്‍ നിന്നും പോരുംവഴി ആ വാര്‍ത്തയാണ് കണ്ടത്. എന്റെ ജീവന്‍ നല്‍കേണ്ടി വന്നാല്‍ പോലും ഉത്തരവാദിത്വങ്ങളില്‍ നിന്നും പിറകോട്ടില്ല. പുതിയ തലമുറ അവരുടെ ഡ്യൂട്ടി കൃത്യമായി ചെയ്താല്‍ നമുക്കൊരുമിച്ച് പുതിയ ഒരു ഭാരതം കെട്ടിപ്പടുക്കാന്‍ സാധിക്കും. ആ ഭാരതത്തിനാകും ലോകത്തെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തിയുണ്ടാകുക. പഠിച്ച് മിടുക്കരാകുക എന്നത് മാത്രമല്ലാ നമ്മുടെ ധര്‍മ്മം. പഠിച്ച് മിടുക്കരായി ഏര്‍പ്പെടുന്ന ജോലിയിലൂടെ രാജ്യപുരോഗതിയ്ക്ക് ഉതകുന്ന രീതിയിലുള്ള ഇടപെടലുകള്‍ ഓരോ വിദ്യാര്‍ഥികള്‍ക്കും സാധ്യമാകണം. നമ്മളോരോരുത്തരും ഈ രാജ്യത്തിന്റ പുനര്‍നിര്‍മ്മാണത്തിന് ചുമതലപ്പെട്ടവരാണ്-അവര്‍ പറഞ്ഞു. ഞാന്‍ ഉത്തരവാദിയാണ് ഈ നാടിന്റെ അവസ്ഥയ്ക്ക്, ഞാന്‍ തന്നെ ഒരു തിരുത്തല്‍ ശക്തിയായി മാറും-എന്നവര്‍ കുട്ടികളെകൊണ്ട് പ്രതിജ്ഞയെടുപ്പിച്ചു. ജമ്മുകാശ്മീരില്‍ എനിക്ക് പുമാലകളേക്കാള്‍ ചെരുപ്പേറുകളും കല്ലേറുകളുമാണ് ലഭിച്ചതെങ്കില്‍ ഈ നാട്ടിലെ സ്‌നേഹം വളരേയധികം സന്തോഷിപ്പിക്കുന്നതായും കേരളം ഒരു മാതൃകാ സംസ്ഥാനമാണെന്നും ദീപിക പറഞ്ഞു.
ആറുവയസുള്ള മകള്‍ അഷ്ടമി സിംഗ് രജാവതിനൊപ്പമാണ് ദീപിക വേദിയിലെത്തിയത്. രണ്ടായിരത്തിലകം വരുന്ന എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു.
കഴിമ്പ്രം ഡിവിഷന്‍ മെമ്പര്‍ കെ ജെ യദൂകൃഷ്ണ അധ്യക്ഷത വഹിച്ചു. വി ടി ബല്‍റാം എംഎല്‍എയ്ക്ക് ദീപിക സിംഗ് രജാവത് യൂത്ത് ഐക്കണ്‍ അവാര്‍ഡ് നല്‍കി. സല്യൂട്ട് സര്‍വീസ് അവാര്‍ഡ് ജേതാവ് മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് എം ഡി വി പി നന്ദകുമാര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
ഡോ. ഷിംന അസീസ്, സിഫിയ ഹനീഫ, സുജി എം എസ്, ഡോ. ഡി രാമനാഥന്‍, ഡോ. സിദ്ധാര്‍ഥ് ശങ്കര്‍ എന്നിവര്‍ സല്യൂട്ട് സര്‍വീസ് പുരസ്‌കാരങ്ങള്‍ ദീപിക സിംഗില്‍ നിന്നേറ്റുവാങ്ങി. കഴിമ്പ്രം ഡിവിഷന്‍ അഡ്വ. ദീപിക സിംഗ് രജാവതിന് വുമണ്‍ ഓഫ് ദി സെഞ്ച്വറി പുരസ്‌കാരം സമ്മാനിച്ചു.

RELATED STORIES

Share it
Top