രാജ്യം ആള്‍ക്കൂട്ട നീതിയിലേക്കോ?

പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനും ബന്ദ്വ മുക്തി മോര്‍ച്ച സ്ഥാപകനുമായ സ്വാമി അഗ്‌നിവേശിനു നേരെ ഹിന്ദുത്വര്‍ നടത്തിയ ആക്രമണം രാജ്യം സഞ്ചരിക്കുന്നത് എങ്ങോട്ടെന്ന ചോദ്യം കൂടുതല്‍ ഉച്ചത്തില്‍ ഉന്നയിക്കാന്‍ നിര്‍ബന്ധിക്കുകയാണ്. ജാര്‍ഖണ്ഡിലെ പാകൂരില്‍ ബിജെപി പ്രവര്‍ത്തകരാണ് അദ്ദേഹത്തെ മര്‍ദിച്ച് അവശനാക്കിയത്. അവിടെ ഒരു ആദിവാസി ദലിത് സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
ഏതാനും ദിവസം മുമ്പാണ് കര്‍ണാടകയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ആരോപിച്ചുകൊണ്ട് ഗൂഗിളില്‍ എന്‍ജിനീയറായ യുവാവിനെ മര്‍ദിച്ചു കൊന്നത്. ഒരു വിദേശി അടക്കം കൂടെയുള്ള സുഹൃത്തുക്കള്‍ മര്‍ദനമേറ്റു ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കര്‍ണാടകയില്‍ തന്നെ ഈയിടെ കാലിക്കടത്ത് ആരോപിച്ച് ഒരാളെ അടിച്ചുകൊന്നത് പോലിസ് സാന്നിധ്യത്തിലാണ്. പറവൂരില്‍ ലഘുലേഖ വിതരണം ചെയ്തവരെ ആക്രമിച്ച സംഭവവും കൊല്ലത്ത് കാലികളെ കൊണ്ടുപോകുന്നവര്‍ ആക്രമിക്കപ്പെട്ട സംഭവവും ഇതിന്റെ ചെറിയ വകഭേദങ്ങള്‍ തന്നെയാണ്.
ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ സാധാരണമായിരിക്കുന്നു. ഗോരക്ഷകരെന്നും ഹിന്ദുത്വപോരാളികളെന്നും സ്വയം വിശേഷിപ്പിക്കുന്ന അക്രമിസംഘങ്ങള്‍ നിയമനടപടികളെ കുറിച്ച ഒരാശങ്കയുമില്ലാതെ പരസ്യമായ ആക്രമണങ്ങള്‍ നടത്തുകയാണ്. ഇതിനകം നൂറോളം ആള്‍ക്കൂട്ട കൊലകള്‍ രാജ്യത്ത് അരങ്ങേറിക്കഴിഞ്ഞു. ആക്രമിക്കപ്പെട്ടവര്‍ ഭൂരിഭാഗവും മുസ്‌ലിംകളോ ദലിതരോ ആണ്.
ഇരകള്‍ക്ക് സംരക്ഷണം നല്‍കേണ്ട പോലിസുകാര്‍ അക്രമികള്‍ക്കു സംരക്ഷണം ഒരുക്കുന്ന കാഴ്ചകളാണ് കാണുന്നത്. ആക്രമണങ്ങള്‍ പലതും പോലിസ് സാന്നിധ്യത്തിലായിരുന്നുവെന്നത് കൂടുതല്‍ ആശങ്കാജനകമാണ്. കേന്ദ്രമന്ത്രിമാര്‍ അടക്കം അക്രമികള്‍ക്ക് സ്വീകരണം ഒരുക്കാനും അക്രമത്തെ ന്യായീകരിക്കാനും മുന്നോട്ടുവരുന്നു. ഇതൊക്കെ രാജ്യം എങ്ങോട്ടേക്കാണ് എന്നതിന്റെ വ്യക്തമായ സൂചനയാണ്.
പൊതുസമൂഹവും ഇത്തരം ആക്രമണങ്ങള്‍ക്കെതിരേ തികഞ്ഞ മൗനം പാലിക്കുന്നു. 'നോട്ട് ഇന്‍ മൈ നെയിം' എന്ന ഒരൊറ്റ പ്രതികരണത്തിലൂടെ അവര്‍ തങ്ങളുടെ ഉത്തരവാദിത്തം അവസാനിപ്പിച്ചിരിക്കുകയാണ്. ജനാധിപത്യ സമൂഹം എന്ന ആലങ്കാരിക പദം തല്‍ക്കാലം മാറ്റിവയ്ക്കാം, ഏറ്റവും ചുരുങ്ങിയത് ഒരു പരിഷ്‌കൃത ലോകത്തിനു മുമ്പില്‍ മുഖാമുഖം വന്നുനില്‍ക്കാനുള്ള അര്‍ഹതയെങ്കിലും ഈ രാജ്യത്തിന് ഉണ്ടാകണമെന്ന ബോധം പോലും ജനങ്ങള്‍ക്കു നഷ്ടപ്പെടുന്നതിന്റെ അര്‍ഥം എന്താണ്? ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തണമെന്ന് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത് രണ്ടു ദിവസം മുമ്പാണ്. അടിച്ചുകൊല്ലുന്നവരെത്തന്നെ അതിനെതിരേയുള്ള നിയമം നിര്‍മിക്കാന്‍ ഏല്‍പിക്കുന്നതിലെ ഫലിതം തല്‍ക്കാലം മറന്നാലും ഉയര്‍ന്നുവരുന്നൊരു ചോദ്യമുണ്ട്: മനുഷ്യരെ തെരുവില്‍ കൂട്ടംചേര്‍ന്ന് അടിച്ചുകൊല്ലരുതെന്നൊരു നിയമമില്ലാതെ ഒരു മിനിമം മനുഷ്യനാകാനുള്ള സാംസ്‌കാരിക മൂലധനം ഈ രാജ്യത്തിനില്ലേ?

RELATED STORIES

Share it
Top