രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയില്‍: ശബ്‌നം ഹാശ്്മി

കോഴിക്കോട്: രാജ്യം അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതിനെ ജനകീയ ഐക്യത്തിലുടെ നേരിടണമെന്നും പ്രമുഖ സാമുഹിക പ്രവര്‍ത്തക ഷബ്‌നം ഹാഷ്മി. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ രാജ്യം സമ്പൂര്‍ണ ഫാഷിസത്തിന് കീഴിലാവുമെന്നും അവര്‍ പറഞ്ഞു. ‘
ഇന്ത്യ കാക്കാന്‍ സ്ത്രീ സമരമുന്നണി ദേശീയ യാത്ര (സമാധാന സംവാദ യാത്ര)യുടെ ഭാഗമായി മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അസഹിഷ്ണുതയും വര്‍ഗീയ ആക്രമണങ്ങളും മോദി ഭരണത്തിന് മുമ്പും രാജ്യത്തുണ്ടായിരുന്നു. എന്നാല്‍ മോദി ഭരണത്തില്‍ ഇവ സ്ഥാപനവല്‍ക്കരിക്കപ്പെട്ടു. എഴുത്തുകാര്‍ക്കും കലാകാരന്‍മാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമെതിരേ ആസുത്രിതമായ അക്രമങ്ങളാണ് അരങ്ങേറുന്നത്.
സ്ത്രീകളുടെ വസ്ത്രവും വിവാഹവും ഉള്‍പ്പടെ എല്ലാ കാര്യങ്ങളിലും പുരുഷാധികാര പ്രയോഗം നടക്കുന്നുണ്ട്. വീട്ടിലും തൊഴിലിടങ്ങളിലും തെരുവിലുമെല്ലാം സ്ത്രീകള്‍ അക്രമിക്കപ്പെടുന്നു. സ്ത്രീകളും കുഞ്ഞുങ്ങളും ബലാല്‍ക്കാരത്തിന് ഇരയാവുന്നു. സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നത് വിഡീയോ ചീത്രീകരിച്ച് പ്രചരിപ്പിക്കുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്.
ഭരണഘടന വിഭാവന ചെയ്യുന്ന തുല്യത സ്ത്രീക്ക് സ്വതന്ത്രമായി സംസാ—രിക്കാനും സംഘടിക്കാനും ജീവിക്കാനും കൂടിയുള്ള അവകാശമാണ്. രാജ്യത്ത് സ്ത്രീകള്‍ മാത്രമല്ല, മോദി ഭരണത്തെയും സംഘപരിവാറിന്റെ അസഹിഷ്ണുതയെയും എതിര്‍ക്കുന്ന എല്ലാവരും ഭീഷണിയിലാണ്. ഗൗരി ലങ്കേഷും കല്‍ബുര്‍ഗിയും ഗോവിന്ദ് പന്‍സാരെയുമൊക്കെ കൊല്ലപ്പെട്ടത് സത്യം വിളിച്ച് പറഞ്ഞതുകൊണ്ടാണ്. ഗുജറാത്ത് ഐപിഎസ്് ഉദ്യോഗസ്ഥന്‍ സഞ്ജിവ് ഭട്ടിനെ ഇയ്യിടെ അറസ്റ്റ് ചെയ്തത് 22 വര്‍ഷം മുമ്പത്തെ കേസിന്റെ പേരിലാണ്. ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ നടപ്പാക്കിയപ്പോള്‍ രാജ്യത്തെ എല്ലാ ജനാധിപത്യവിശ്വാസികളും ഒരുമിച്ച് ചേര്‍ന്ന്്്്് അവരെ പരാജയപ്പെടുത്തുകയായിരുന്നു.
മോദി ഭരണത്തില്‍ അടിയന്തിയന്തിരാവസ്ഥയും സമ്പൂര്‍ണ ഫാഷിസവും അകലെയല്ല. ഇതിനെതിരേ ജനങ്ങള്‍ ഒന്നടങ്കണം ഉണര്‍ന്ന് പ്രതികരിക്കണമെന്നും ഷബ്‌നം ആഹ്വാനം ചെയ്തു. പരിപാടിയില്‍ കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു. കെ അജിത, പി വി ഷെബി, അഡ്വ. വസന്തം, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജാഥാംഗങ്ങള്‍ സംസാരിച്ചു.

RELATED STORIES

Share it
Top