രാജ്ഭവനു മുന്നില്‍ ആദിവാസി ഗോത്രമഹാസഭയുടെ നില്‍പുസമരംതൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 30, 31 തിയ്യതികളില്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ നില്‍പ്പ് സമരം നടത്തും. ഇടുക്കി കലക്ടറേറ്റ് പടിക്കല്‍ ഏപ്രില്‍ മൂന്ന് മുതല്‍ നടക്കുന്ന അനിശ്ചിതകാല നില്‍പ് സമരം വിപുലീകരിക്കുന്നതിനും അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ടുമാണ് നില്‍പ് സമരമെന്ന് ആദിവാസി ഗോത്രമഹാസഭ കോ ഓര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2006ലെ കേന്ദ്രവനാവകാശ നിയമം അനുസരിച്ച് ആദിവാസികള്‍ക്ക് വനവിഭവങ്ങള്‍ ശേഖരിക്കാനും മറ്റുമുള്ള സാമൂഹിക വനാവകാശം അംഗീകരിക്കുക, വനാവകാശ ഭൂമിയില്‍ നിന്ന് കൈയേറ്റക്കാരെ ഒഴിപ്പിക്കുക, കടുവാ സംരക്ഷണത്തിന്റെ പേരില്‍ ആദിവാസികളെ വനമേഖലയില്‍ നിന്ന് മാറ്റി പാര്‍പ്പിക്കാനുള്ള തീരുമാനം റദ്ദാക്കുക, ഊരുകളിലെ സ്വകാര്യ ബാങ്കുകളുടെയും കൊള്ള പലിശക്കാരുടെയും മൈക്രോ ക്രെഡിറ്റ് സംവിധാനം നിരോധിക്കുക, ആദിവാസികളുടെ ഉന്നത പഠനത്തിന് ഹോസ്റ്റലുകള്‍ സ്ഥാപിക്കുക, ആറളം ഫാമിലെ പൈനാപ്പിള്‍ കൃഷി നിരോധിച്ച് ജൈവ കാര്‍ഷിക മേഖലയാക്കുക, മുത്തങ്ങയില്‍ നിന്ന് കുടിയിറക്കപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി നല്‍കുക, വേടന്‍ ഗോത്ര വര്‍ഗത്തെ സമ്പൂര്‍ണമായും പട്ടിക വര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വനത്തില്‍ നിന്ന് ആദിവാസികളെ കുടിയിറക്കുന്നത് പ്രതിരോധിക്കാന്‍ ഭരണകക്ഷിയായ സിപിഎം തയ്യാറാകുന്നില്ല. പകരം ആദിവാസികളെ ദത്തെടുക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കുടിയിറക്കിനെ പ്രോല്‍സാഹിപ്പിച്ച്, ഭൂരഹിതരുടെ കോളനികള്‍ സ്ഥാപിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി ഗോത്രമഹാസഭ സെക്രട്ടറി പി ജി ജനാര്‍ദ്ദനന്‍, ആക്ടിങ് ചെയര്‍പേഴ്‌സണ്‍ കുഞ്ഞമ്മ മൈക്കിള്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top