രാജ്ഞിയുമായി കൂടിക്കാഴ്ച; ട്രംപ് പ്രോട്ടോകോള്‍ ലംഘിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ചയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രോട്ടോകോള്‍ ലംഘിച്ചതായി ആക്ഷേപം.   ബ്രിട്ടനിലെ വിന്റ്‌സോറില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ട്രംപ് പ്രോട്ടോകോള്‍ ലംഘിച്ചത്.
ട്രംപ് കൂടിക്കാഴ്ചയ്ക്ക് എത്താന്‍ വൈകിയതോടെ 92കാരിയായ എലിസബത്ത് രാജ്ഞിക്ക് മിനിറ്റുകളോളം പൊരിവെയിലില്‍ കാത്തുനില്‍ക്കേണ്ടി വന്നു.  ട്രംപ് രാജ്ഞിയെ തലകുനിച്ച് ബഹുമാനം പ്രകടിപ്പിക്കുന്നതിനു പകരം ഹസ്തദാനം ചെയ്യുകയായിരുന്നു. ട്രംപിന്റെ പത്‌നി മെലാനിയയും രാജ്ഞിയെ ഹസ്തദാനം ചെയ്താണ് ആദരവ് പ്രകടിപ്പിച്ചത്.
സേനയുടെ ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിക്കുന്നതിനായി രാജ്ഞിയോടൊപ്പം നടന്നു നീങ്ങുമ്പോള്‍ ട്രംപ് രാജ്ഞിയെ മറികടന്ന്  മുമ്പില്‍ നടന്നതും വിമര്‍ശനത്തിനിടയാക്കി. ട്രംപിന്റെ പ്രവൃത്തിയെ മര്യാദയില്ലായ്മയും ധാര്‍ഷ്ട്യവുമായാണ് സമൂഹമാധ്യമങ്ങളില്‍ വിലയിരുത്തുന്നത്.
വന്‍ പ്രതിഷേധങ്ങളായിരുന്നു ബ്രിട്ടനില്‍ ട്രംപിനെ വരവേറ്റത്്. വ്യാപാരബന്ധം, ബ്രക്‌സിറ്റ് വിഷയങ്ങളില്‍ മലക്കം മറഞ്ഞ ട്രംപ് പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും  ചെയ്തിരുന്നു.
സണ്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് തെരേസ മേയെ വിമര്‍ശിക്കുകയും  ബ്രിട്ടനുമായുള്ള  വാണിജ്യ കരാറുകളില്‍ നിന്നു പിന്തിരിയുമെന്നും പറഞ്ഞിരുന്നു. ലണ്ടനിലെ ആക്രമണങ്ങളുടെ പേരില്‍ മേയര്‍ക്കെതിരെയും അ—ദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു.
എന്നാല്‍ താന്‍ മേയ്‌യെ വിമര്‍ശിച്ചിട്ടില്ലെന്നും മാധ്യമങ്ങളില്‍ വന്നത് വ്യാജ വാര്‍ത്തയാണെന്നുമായിരുന്നു പ്രധാനമന്ത്രിക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപിന്റെ വിശദീകരണം. ബ്രക്‌സിറ്റിനു ശേഷവും ബ്രിട്ടനുമായുള്ള വ്യാപാരബന്ധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top