രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസ്: വീരപ്പനെ വെറുതെവിട്ടു

ഈറോഡ്: പ്രശസ്ത കന്നട നടന്‍ രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയ കേസില്‍ വിധിവന്നതു വാദിയും മുഖ്യ പ്രതിയും മരിച്ച് 18 വര്‍ഷത്തിനു ശേഷം. വീരപ്പനടക്കം കേസിലെ 9 പ്രതികളെ വെറുതെവിട്ടുകൊണ്ടാണ് ഈറോഡ് ജില്ലയിലെ ഗോബിചെട്ടിപാളയം കോടതി അഡീഷനല്‍ ജില്ലാ ജഡ്ജി മണി വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്കെതിരേ മതിയായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി വിധിന്യായത്തി ല്‍ പറഞ്ഞു.
2000 ജൂലൈ 30നാണ് രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയത്. തലവാടിയിലെ ധോഡ ഗജാനൂര്‍ ഗ്രാമത്തിലെ ഫാം ഹൗസില്‍ കുടുംബത്തോടൊപ്പം കഴിയുമ്പോഴായിരുന്നു വീരപ്പന്റെ ഓപറേഷന്‍. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളെയും രാജ്യത്തെ സിനിമാ മേഖലയെയും ഞെട്ടിച്ച സംഭവമായിരുന്നു ഇത്. ബംഗളൂരുവിലെ പ്രതിഷേധം തമിഴ് പത്രങ്ങളുടെ ഓഫിസ് ആക്രമിച്ചു കൊള്ളയടിക്കുന്നതിലേക്കുവരെ എത്തി. ദിവസങ്ങള്‍ക്കകം നടനെ പ്രത്യേക സംഘം മോചിപ്പിച്ചു.
തട്ടിക്കൊണ്ടുപോവലില്‍ വീരപ്പനെയും 11 കൂട്ടാളികളെയും പ്രതിചേര്‍ത്ത് തല്‍വാഡി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്്തു. 2004ല്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ ഏറ്റുമുട്ടലില്‍ വീരപ്പന്‍ കൊല്ലപ്പെട്ടിരുന്നു. വീരപ്പനും രാജ്കുമാറും മരിച്ചതിന് പിന്നാലെ പ്രതികളായ സേതുക്കുഴി ഗോവിന്ദന്‍, രംഗസ്വാമി എന്നിവരും വിചാരണക്കാലത്ത് അന്തരിച്ചു. ഒമ്പത് പ്രതികളില്‍ അഞ്ചുപേര്‍ ജയിലിലായിരുന്നു. 2006ല്‍ രാജ്കുമാര്‍ അന്തരിച്ചു. വിചാരണയ്ക്കിടെ രാജ്കുമാറിന്റെ കുടുംബം കോടതിയില്‍ ഹാജരാവാന്‍ തയ്യാറായില്ല.

RELATED STORIES

Share it
Top