രാജീവ് ഗാന്ധി ട്രസ്റ്റിന് അമേത്തി ഭരണകൂടത്തിന്റെ നോട്ടീസ്അമേത്തി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ അധ്യക്ഷതയിലുള്ള രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന് അമേത്തി ജില്ലാ ഭരണകൂടത്തിന്റെ നോട്ടീസ്. സംസ്ഥാന സര്‍ക്കാരിന്റെ ഭൂമിയില്‍ അനുമതിയില്ലാതെയാണ് വനിതാ തൊഴില്‍ പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നത് എന്നാണ് സര്‍ക്കാരിന്റെ ആരോപണം.  സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിനായി വകയിരുത്തിയ 10,000 ചതുരശ്ര അടി ഭൂമിയിലാണ് രാജീവ് ഗാന്ധി ട്രസ്റ്റ് സ്ത്രീകള്‍ക്കായി തൊഴില്‍ പരിശീലന കേന്ദ്രം നടത്തുന്നതെന്ന് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് അശോക് ശുക്ല പറഞ്ഞു. നിയമപരമായി ഭൂമി സര്‍ക്കാരിന്റെയോ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയോ കീഴിലായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍ 22ന് അയച്ച നോട്ടീസില്‍ ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ സ്ഥലത്ത് ട്രസ്റ്റിന്റെ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് എന്ന് ചോദിച്ചിരുന്നു. ആരുടെ അനുമതി പ്രകാരമാണ് രാജീവ് ഗാന്ധി മഹിളാ വികാസ് പരിയോജന അവിടെ പ്രവര്‍ത്തിക്കുന്നത് എന്നത് വ്യക്തമാക്കുന്ന രേഖകളൊന്നും ഇല്ലെന്നും ശുക്ല പറഞ്ഞു. ഈ നോട്ടീസിനും മുമ്പ് ജില്ലാ വികസന ഓഫിസര്‍മാര്‍ അയച്ച നോട്ടീസുകള്‍ക്കും ട്രസ്റ്റ് മറുപടി നല്‍കിയിട്ടില്ലെന്നും ശുക്ല വ്യക്തമാക്കി. എന്നാല്‍, കഴിഞ്ഞ 13 വര്‍ഷമായി മനൂജ് കല്യാണ്‍ കേന്ദ്രയുമായി ചേര്‍ന്നാണ് തൊഴില്‍ പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്നും രാജീവ് ഗാന്ധി മഹിളാ വികാസ് പരിയോജനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭൂമി മനൂജ് കല്യാണ്‍ കേന്ദ്രയ്ക്ക് സര്‍ക്കാര്‍ അനുവദിച്ചുകൊടുത്തതാണ്. ഇക്കാര്യം വ്യക്തമാക്കി ഏപ്രില്‍ 27ന് മറുപടി നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top