രാജീവന്റെ ധീരത; തിരിച്ചു കിട്ടിയത് മൂന്നു പേരുടെ ജീവന്‍

നാദാപുരം: യുവാവിന്റെ അവസരോചിത ഇടപെടല്‍ മൂലം മൂന്ന് പേരുടെ ജീവന്‍ തിരിച്ച് കിട്ടി. ബുധനാഴ്ചയാണ് സംഭവം. ഉച്ചയോടെ പുഴയിലെ അതിശക്തമായ ഒഴുക്കില്‍പെട്ട മൂന്ന് പേരെയാണ് ഇരിങ്ങണ്ണൂര്‍ ഇട്ടോളി രാജീവന്‍ (26) രക്ഷപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെ പുഴയില്‍ വേലിയിറക്ക സമയത്ത് കക്കപെറുക്കാനിറങ്ങിയ നാവത്ത് രാജന്റെ മകന്‍ ജിബീഷ് (23), അനുശ്രീ (20), രാജന്റെ ഭാര്യ സഹോദരി മകള്‍ അളകനന്ദ (12) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്.
വേലിയിറക്ക സമയത്ത് പുഴയുടെ നടുവില്‍ നിന്ന് പുഴിയില്‍ നിന്ന് കക്കപെറുക്കിക്കൊണ്ടിരിക്കെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വേലിയേറ്റമുണ്ടാവുകയും പുഴയിലെ വെള്ളം ഉയരുന്നത് ശ്രദ്ധിക്കാതെ കക്കപെറുക്കുകയുമായിരുന്നു. വെള്ളം കഴുത്തോളം എത്തിയപ്പോള്‍ കരയിലേക്ക് നീങ്ങിയ മൂന്ന് പേരും പുഴയിലെ കുഴികളില്‍ അകപ്പെട്ട് ഒലിച്ച് പോവുകയായിരുന്നു. കടവിലെ തോണിക്കാരനായ രാജീവന്‍ മൂന്ന് പേരും ഒഴുക്കില്‍പെട്ട് ഒലിച്ച് പോവുന്നത് കണ്ട് തോണി തുഴഞ്ഞ് മൂന്ന് പേരെയും തോണിയിലേക്ക് വലിച്ചിട്ട് രക്ഷപ്പെടുത്തുകയായിരുന്നു. രാജീവന്‍ അവസരോചിത ഇടപെടല്‍ നടത്തിയിരുന്നില്ലെങ്കില്‍ ഒരു വലിയ ദുരന്തത്തിന് നാട് സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നു. മൂന്ന് പേരെയും കരയിലെത്തിച്ചതോടെ ഇവര്‍ വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു. തോണിക്കാരനായ രാജീവനും, പുഴയില്‍ മുങ്ങിയ മൂന്ന് പേരും സംഭവം പുറത്ത് ആരോടും പറഞ്ഞതുമില്ല. വ്യാഴാഴ്ച വൈകുന്നേരമാണ് രാജീവന്‍ സുഹൃത്തുക്കളോട് സംഭവം വിവരിക്കുന്നത്.
പുഴയില്‍ മരണത്തോട് മല്ലടിച്ച് മുങ്ങിതാഴുന്നവരെ കണ്ട് നില്‍ക്കുന്നവര്‍ രക്ഷിക്കുന്നത് കടമയാണെന്നും ഇതിന് ഒരു അംഗീകാരവും ആഗ്രഹിക്കുന്നില്ലെന്നും സുഹൃത്തുക്കളോട് പറഞ്ഞു. വ്യാഴാഴ്ച രാത്രിയോടെ ഇരിങ്ങണ്ണൂരില്‍ ചര്‍ച്ചാവിഷയമായതോടെ സാംസ്‌കാരിക സംഘടനകളും നേതാക്കളും അനുമോദിക്കാന്‍ രാജീവനെതേടിയെത്തി. ഒമ്പതിന് കടവ് റസിഡന്‍സ് അസോസിയേഷനും, ഇരിങ്ങണ്ണൂര്‍ പബ്ലിക്ക് ലൈബ്രറിയും ഗ്രാന്‍മ സാംസ്‌കാരിക സമിതിയും രാജീവന് അനുമോദന ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top