രാജിയില്ലെങ്കില്‍ കര്‍ദിനാളിനെ ഉപരോധിക്കാന്‍ നീക്കം

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനത്തുനിന്നു മാറണമെന്നാവശ്യപ്പെട്ട് സഭയിലെ ഒരുവിഭാഗം വൈദികരും വിശ്വാസികളും പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ കോപ്പി മാര്‍പാപ്പ, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി, സിറോ മലബാര്‍ സഭയിലെ മുഴുവന്‍ ബിഷപ്പുമാര്‍ എന്നിവര്‍ക്ക് ഇവര്‍ അയച്ചുനല്‍കി.
കര്‍ദിനാള്‍ സ്ഥാനം ഒഴിയുന്നതില്‍ കുറഞ്ഞൊരു ഒത്തുതീര്‍പ്പിനും തങ്ങള്‍ തയ്യാറല്ലെന്ന നിലപാടിലാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികള്‍ രൂപീകരിച്ച ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി (എഎംടി) എന്ന സംഘടന. ക്രൈസ്തവസഭയ്ക്ക് വലിയ നാണക്കേടാണ് സംഭവം ഉണ്ടാക്കിയിരിക്കുന്നതെന്നും ഇവര്‍ പറയുന്നു.
കര്‍ദിനാള്‍ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ ഉപരോധമടക്കമുള്ള നടപടികളിലേക്കു നീങ്ങാനാണ് നീക്കമെന്ന് എഎംടി കണ്‍വീനര്‍ റിജു കാഞ്ഞൂക്കാരന്‍ പറഞ്ഞു. അടുത്ത ദിവസം തന്നെ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാവുമെന്നാണു വിവരം.

RELATED STORIES

Share it
Top