രാജാറാം മോഹന്‍ദാസല്ല, പോറ്റിയുമല്ല; പിടിയിലായത് കൊലക്കേസ് പ്രതി മോഹനകുമാര്‍മലപ്പുറം: പൂക്കോട്ടുംപാടം ശ്രീവില്വത്ത് ശിവക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം അതിക്രമിച്ചുകയറി വിഗ്രഹങ്ങള്‍ തകര്‍ത്ത് നാശനഷ്ടങ്ങള്‍ വരുത്തിയ കേസിലെ പ്രതി തിരുവനന്തപുരം കിളിമാനൂര്‍ പുല്ലഴിയില്‍ സ്വദേശി തെങ്ങുവിള വീട്ടിലെ സുരേന്ദ്രന്‍ പിള്ളയുടെ മകന്‍ എസ് എസ് മോഹനകുമാറാണെന്ന് ജില്ലാ പോലിസ് സൂപ്രണ്ട് ദേബേഷ്‌കുമാര്‍ ബെഹ്‌റ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം കവടിയാര്‍ സ്വദേശിയാണെന്നും പേര് രാജാറാം മോഹന്‍ദാസ് ആണെന്നുമാണ് ഇയാള്‍ ആദ്യം പറഞ്ഞത്. അന്വേഷണത്തില്‍ ഇത് കളവാണെന്നു ബോധ്യപ്പെട്ടു. അമ്പലത്തിലെ വിഗ്രഹങ്ങളിലും വാതിലുകളിലും ഇയാളുടെ വിരലടയാളം പതിഞ്ഞതായി സ്ഥിരീകരിച്ചിട്ടുണ്ട്. 2006 നവംബര്‍ 26ന് കിളിമാനൂര്‍ പാറക്യാട്ട് ക്ഷേത്രത്തിലെ ജീവനക്കാരി കമലാക്ഷിയെ കൊലപ്പെടുത്തി അമ്പലക്കുളത്തില്‍ കൊണ്ടുപോയിട്ട കേസിലും നാലു മാസം മുമ്പ് വാണിയമ്പലത്തുള്ള ബാണാപുരം ദേവീക്ഷേത്രത്തില്‍ കയറി തീയിട്ട കേസിലും ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പൂക്കോട്ടുംപാടത്തെ ക്ഷേത്രത്തില്‍ അക്രമം നടത്തിയ ശേഷം പുലര്‍ച്ചെ തൃശൂരിലേക്കുള്ള ബസ്സില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി ക്ഷേത്രത്തിലേക്ക് കൊണ്ടുവരുകയായിരുന്നു. അവിടെ ഓഫിസില്‍ പോലിസ് ചോദ്യം ചെയ്യുന്നതിനിടെ ഇയാള്‍ മുങ്ങി. എന്നാല്‍, ആദ്യം നല്‍കിയ മമ്പാട് പൊങ്ങല്ലൂരിലെ വിലാസത്തില്‍ തേടിയെത്തിയ പോലിസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് അമ്പലത്തിലേക്ക് കൊണ്ടുവരുകയായിരുന്നു. അമ്പലങ്ങളില്‍ നടന്ന അക്രമസംഭവങ്ങളില്‍ ഇയാള്‍ക്കു ബന്ധമുണ്ടോ എന്നു പ്രത്യേകം അന്വേഷിക്കും. സോഷ്യല്‍ മീഡിയയിലൂടെ ഇയാളുടെ ഫോട്ടോ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കിളിമാനൂര്‍ കമലാക്ഷി കൊലക്കേസിലെ പ്രതി ഇയാളാണെന്നു വ്യക്തമായത്. അമ്പലങ്ങളോടും പൂജാരിമാരോടും മോഹനകുമാറിനു പ്രത്യേക വിരോധമുള്ളതായി ചോദ്യംചെയ്യലില്‍ മനസ്സിലായിട്ടുണ്ട്. പൂക്കോട്ടുംപാടം ക്ഷേത്രം ആക്രമണവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയവരുടെ പേരും വിവരവും രേഖകളും പോലിസ് ശേഖരിച്ചുവരുന്നുെണ്ടന്നും ഡിവൈഎസ്പി മോഹനചന്ദ്രന്‍ പറഞ്ഞു.

RELATED STORIES

Share it
Top