രാജസ്ഥാന്‍ മുട്ടുമടക്കി; കൊല്‍ക്കത്തയ്ക്ക് ആറ് വിക്കറ്റ് ജയംകൊല്‍ക്കത്ത: ഐപിഎല്ലില്‍ രാജസ്ഥാനെ തകര്‍ത്ത് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി കൊല്‍ക്കത്ത. കരുത്തരായ രാജസ്ഥാനെ ആറ് വിക്കറ്റിനാണ് കൊല്‍ക്കത്ത തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 19 ഓവറില്‍ 142 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ രാജസ്ഥാന് ഗംഭീര തുടക്കമാണ് രാഹുല്‍ ത്രിപതിയും (15 പന്തില്‍ 27) ജോസ് ബട്‌ലറും (22 പന്തില്‍ 39) ചേര്‍ന്ന് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 4.5 ഓവറില്‍ 63 റണ്‍സ് ഇന്നിങ്‌സിനോട് കൂട്ടിച്ചേര്‍ക്കെ ത്രിപാതിയെ മടക്കി റസല്‍ കൂട്ടുകെട്ട് പൊളിച്ചു. തുടര്‍ച്ചയായ ആറാം അര്‍ധ സെഞ്ച്വറി അടിക്കുമെന്ന് ബട്‌ലര്‍ തോന്നിപ്പിച്ചെങ്കിലും കുല്‍ദീപ് യാദവിന്റെ സ്പിന്‍ മാന്ത്രികയ്ക്ക് മുന്നില്‍ മുട്ടുമടക്കി.  അജിന്‍ക്യ രഹാനെയും (12 പന്തില്‍ 11) കുല്‍ദീപ് മുന്നില്‍ വീണു. അധികം വൈകാതെ സഞ്ജു സാംസണെ (10 പന്തില്‍ 12) നരെയ്ന്‍ എല്‍ബിയില്‍ കുടുക്കിയപ്പോള്‍  ബെന്‍ സ്‌റ്റോക്‌സിനെ (13 പന്തില്‍ 11) കുല്‍ദീപും മടക്കി അയച്ചു. സ്റ്റുവര്‍ട്ട് ബിന്നി ( നാല് പന്തില്‍ 1), കെ ഗൗതം ( അഞ്ച് പന്തില്‍ 3) എന്നിവരും നിരാശപ്പെടുത്തി. വാലറ്റത്ത് ജയദേവ് ഉനദ്ഘട്ട് ( 18 പന്തില്‍ 26) നടത്തിയ ചെറുത്ത് നില്‍പ്പാണ് രാജസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്.  പ്രസിദ്ധ് കൃഷ്്ണ, ആന്ദ്രേ റസല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു.
മറുപടിക്കിറങ്ങിയ കൊല്‍ക്കത്തന്‍ നിരയില്‍ ക്രിസ് ലിന്‍ ടോപ് (42 പന്തില്‍ 45) ടോപ് സ്‌കോററായി. ദിനേഷ് കാര്‍ത്തിക് (28 പന്തില്‍ 31), ആന്‍ഡ്രേ റസല്‍ ( 8 പന്തില്‍ 20) പുറത്താവാതെ നിന്നു.

RELATED STORIES

Share it
Top