രാജസ്ഥാന്‍, മധ്യപ്രദേശ് വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട്; കോണ്‍ഗ്രസ് ഹരജി തള്ളി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. വോട്ടര്‍പ്പട്ടികയില്‍ വ്യാപക ക്രമക്കേടുകളുണ്ടെന്നും അവ തിരുത്തണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ്, സചിന്‍ പൈലറ്റ് എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചത്.
വോട്ടിങ് മെഷീനിലെ വിവിപാറ്റ് സംവിധാനം പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇരുവരും ഹരജികളില്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ലെന്നും അതിനാല്‍ ഇടപെടാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങുന്ന സുപ്രിംകോടതി ബെഞ്ച് ഹരജി തള്ളിയത്.
ഓരോ മണ്ഡലത്തിലെയും 10 ശതമാനം ബൂത്തിലെങ്കിലും വിവിപാറ്റ് സംവിധാനം വേണം, വോട്ടര്‍ലിസ്റ്റില്‍ നിന്ന് പേര് നീക്കുന്നത് രാഷ്ട്രീയപ്പാര്‍ട്ടികളെ അറിയിച്ചായിരിക്കണം, വിവിപാറ്റ് ഓപറേഷന് പുതിയ മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ നിര്‍ദേശിക്കണം എന്നീ ആവശ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു.
മധ്യപ്രദേശില്‍ വോട്ടര്‍പ്പട്ടികയില്‍ 60 ലക്ഷം ഇരട്ടവോട്ടര്‍മാരുണ്ടെന്ന് കമല്‍നാഥിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി ചൂണ്ടിക്കാട്ടിയിരുന്നു. കമ്മീഷന്‍ കരട് വോട്ടര്‍പ്പട്ടിക നിയമം അനുശാസിക്കുന്ന വേഡ് ഫോര്‍മാറ്റിന് പകരം പിഡിഎഫില്‍ നല്‍കിയത് പരിശോധനയ്ക്ക് തടസ്സമുണ്ടാക്കുന്നുണ്ടെന്നും സിങ്‌വി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടിയെ വാദം കേള്‍ക്കുന്നതിനിടെ കോടതിയും ചോദ്യംചെയ്തിരുന്നു.
രാജസ്ഥാനില്‍ വേഡ് ഫോര്‍മാറ്റില്‍ നല്‍കിയ പട്ടിക എന്തുകൊണ്ട് ഇവിടെ പിഡിഎഫ് ആക്കിയെന്നും കോടതി ആരാഞ്ഞു. വോട്ടര്‍പ്പട്ടികയില്‍ ഒരു ഫോട്ടോ തന്നെ ഒരു ബൂത്തിലെ പല പേരുകളിലുള്ള വോട്ടര്‍മാര്‍ക്ക് ഉള്ളതായി കോണ്‍ഗ്രസ്സിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും പാര്‍ട്ടി നേതാവുമായ കപില്‍ സിബല്‍ കോടതില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം നടത്തി ആരാണ് കൃത്രിമത്വം നടത്തിയതെന്നു കണ്ടെത്തണം. വ്യാജ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്മീഷന്റെ ഉദ്യോഗസ്ഥരെ കണ്ടെത്തി ശിക്ഷിക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു.
കമ്മീഷന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വോട്ടര്‍പ്പട്ടികയിലെ തിരിമറി സംബന്ധിച്ച് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുകയാണെന്നായിരുന്നു ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

RELATED STORIES

Share it
Top