രാജസ്ഥാന്‍ കൊലപാതകം: പ്രതിഷേധക്കാര്‍ക്കു നേരെ സംഘപരിവാര കൈയേറ്റം

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മുസ്‌ലിം മധ്യവയസ്‌കനെ വെട്ടിപരിക്കേല്‍പ്പിച്ച് ചുട്ടുകൊന്ന സംഭവത്തില്‍ ഡല്‍ഹിയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലും ബിക്കാനീര്‍ ഹൗസിനു മുമ്പിലും പ്രതിഷേധങ്ങള്‍നടന്നു. സാമൂഹിക മാധ്യമങ്ങളിലെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൊണാട്ട് പ്ലേസിലെ സെന്റര്‍ പാര്‍ക്കിന് പുറത്ത് നടന്ന മനുഷ്യച്ചങ്ങലയ്ക്കുനേരെ സംഘപരിവാര പ്രവര്‍ത്തകരുടെ കൈയേറ്റമുണ്ടായി. പ്ലക്കാര്‍ഡുകളില്‍ നിന്ന് ഹിന്ദുത്വ തീവ്രവാദം എന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കൈയേറ്റം നടന്നത്. പീന്നീട് പോലിസെത്തി ഇവരെ നീക്കം ചെയ്തു. അറും കൊലകള്‍ രാജ്യത്ത് ആഘോഷിക്കപ്പെടുകയാണെന്ന്  മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്ത സാമൂഹികപ്രവര്‍ത്തക അരുണ ആസഫ് അലി പറഞ്ഞു. മുസ്‌ലിമായതിന്റെ പേരില്‍ മാത്രമാണ് അഫ്‌റാസുല്‍ ഖാന്‍ കൊല്ലപ്പെട്ടത്. പ്രധാനമന്ത്രിയും രാജസ്ഥാന്‍ മുഖ്യമന്ത്രിയും മൗനം തുടരുകയാണെന്നും അവര്‍ ആരോപിച്ചു. വൈകുന്നേരം മൂന്ന് മണിക്ക് തുടങ്ങിയ പ്രതിഷേധം ആറുമണിവരെ തുടര്‍ന്നു. ശനിഴാഴ്ച രാവിലെ ഇന്ത്യാ ഗേറ്റിന് സമീപത്തുള്ള ബിക്കാനീര്‍ ഹൗസിലേക്ക് കാംപസ് ഫ്രണ്ട് അടക്കമുള്ള വിവിധ സംഘടനകള്‍ പ്രതിഷധ മാര്‍ച്ച് നടത്തി. ബിക്കാനീര്‍ ഹൗസിന്റെ ഗേറ്റിന് സമീപം പ്രതിഷേധക്കാരെ പോലിസ് തടഞ്ഞു.

RELATED STORIES

Share it
Top