രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പ്: ബിജെപിക്ക് തിരിച്ചടി, കോണ്‍ഗ്രസ് മുന്നേറ്റം

ന്യൂഡല്‍ഹി: രാജസ്ഥന്‍, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി.  രാജസ്ഥാനില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നു സീറ്റുകളും ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. രാജസ്ഥാനിലെ ആള്‍വാര്‍, അജ്മീര്‍ ലോക്‌സഭാ സീറ്റുകളിലേക്കും  മണ്ഡല്‍ഗഡ് നിയമസഭാ സീറ്റിലേക്കുമായിരുന്നു തിരഞ്ഞെടുപ്പ്.അജ്മീറില്‍ 21000ത്തിലധികം വോട്ടുകളുടെ ലീഡാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രഘു ശര്‍മയ്ക്കുള്ളത്. ആള്‍വാളില്‍ 39,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസിനുള്ളത്. മണ്ഡല്‍ഗഡ് നിയമസഭാ സീറ്റിലേക്ക് നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവേക് ധാക്കഡ് 12,976 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബിജെപി ജനപ്രതിനിധികളുടെ മരണത്തെത്തുടര്‍ന്നാണ് മൂന്നിടത്തും ഉപതിരഞ്ഞെടുപ്പ് നടന്നത്. അജ്‌മേറില്‍ 23ഉം ആള്‍വാറില്‍ 11ഉം മണ്ഡല്‍ഗഡില്‍ എട്ടും സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.
പശ്ചിമ ബംഗാളിലെ നവോപാര നിയമസഭ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍  കോണ്‍ഗ്രസിന്റെ സുനില്‍ സിങ്ങ് വിജയിച്ചു. 63,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുനില്‍ സിങ്ങ്  ബിജെപി സ്ഥാനാര്‍ഥിയെ തോല്‍പിച്ചത്. ഇവിടെ സിപിഎം മൂന്നാം സ്ഥാനത്തും കോണ്‍ഗ്രസ് നാലം സ്ഥാനത്തുമാണ്. പശ്ചിമ ബംഗാളിലെ ഉലുബെറിയ ലോക്‌സഭാ മണ്ഡലത്തിലും തൃണമൂല്‍ സ്ഥാനാര്‍ഥി വിജയിച്ചു. തൃണമൂല്‍ എംപിയായിരുന്ന സുല്‍ത്താന്‍ അഹമ്മദിന്റെ മരണത്തെത്തുടര്‍ന്നാണ് ഉലുബെറിയ സീറ്റിില്‍ ഒഴിവുവന്നത്. കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന മധുസൂദന്‍ ഘോസെയുടെ നിര്യാണത്തെത്തുടര്‍ന്നാണ്  നവോപാരയിലേക്ക് ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ചതുഷ്‌കോണ മല്‍സരമാണ് ഇരുമണ്ഡലങ്ങളിലും അരങ്ങേറിയത്.

RELATED STORIES

Share it
Top