രാജപുരത്ത് ഉരുള്‍പൊട്ടലില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ചെറുതോണി: ഉരുള്‍പൊട്ടലി ല്‍ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ മാസം 9ന് പുലര്‍ച്ചെ 3.30ന് മുരിക്കാശേരി-രാജപുരത്ത് കരികുളത്ത് ഉഷ(54)യുടെ മൃതദേഹമാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്. 31 ദിവസത്തിനു ശേഷം തോട്ടിലെ വെള്ളം താഴ്ന്നതോടെ നേരിയ ദുര്‍ഗന്ധം വന്നതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് തോട്ടില്‍ അടിഞ്ഞുകൂടിയ ചപ്പുചവറുകള്‍ക്കും മരക്കഷണങ്ങള്‍ക്കുമിടയില്‍ കമിഴ്ന്നുകിടക്കുന്ന നിലയില്‍ സ്ത്രീയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മുരിക്കാശ്ശേരി പോലിസില്‍ അറിയിച്ച് നാട്ടുകാര്‍ ചപ്പുചവറുകള്‍ നീക്കി മൃതദേഹം പുറത്തെടുത്തു. കരികുളത്ത് മീനാക്ഷിയും മക്കളായ രാജന്‍, ഉഷ എന്നിവര്‍ താമസിച്ചിരുന്ന വീടാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്. മീനാക്ഷിയുടെ മൃതദേഹം തൊട്ടടുത്ത ദിവസം തന്നെ ലഭിച്ചിരുന്നു. ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും രാജനെയും ഉഷയെയും കണ്ടെത്താനായിരുന്നില്ല. വീടിരുന്ന സ്ഥലത്തു നിന്നു 300 മീറ്ററോളം താഴെ നിന്നാണ് ഉഷയുടെ മൃതദേഹം കണ്ടെത്തിയത്. തഹസില്‍ദാറും വില്ലേജ് ഓഫിസറും മുരിക്കാശ്ശേരി പോലിസും സംഭവസ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം സംഭവസ്ഥലത്തുതന്നെ സംസ്‌കരിച്ചു.

RELATED STORIES

Share it
Top