രാംനാഥ് കോവിന്ദ് എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥി ; പിന്തുണയില്ലെന്ന് പ്രതിപക്ഷംകെ  എ  സലിം

ന്യൂഡല്‍ഹി: ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനുശേഷം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് പേര് പ്രഖ്യാപിച്ചത്. കോവിന്ദിന്റെ വിജയം ഉറപ്പാക്കുന്നതിന് സമവായം കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സോണിയാ ഗാന്ധി, മന്‍മോഹന്‍ സിങ് തുടങ്ങിയ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചതായും അമിത് ഷാ പറഞ്ഞു. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ആരെ മല്‍സരിപ്പിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് പിന്തുണ നല്‍കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി വ്യാഴാഴ്ച പ്രതിപക്ഷകക്ഷികള്‍ യോഗം ചേരും.   കൂടിയാലോചന നടത്താതെയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.  മറ്റു കക്ഷികളുമായി സമവായമുണ്ടാക്കിയശേഷമായിരുന്നു രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടിയിരുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്  കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതി സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ചര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ജനതാദള്‍ (യു) നേതാവ് ശരത് യാദവ് അറിയിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കണമെന്ന നിലപാടാണ് ഇടതുകക്ഷികളും ആര്‍ജെഡിയും സ്വീകരിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരമുണ്ടാവണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. സമാന അഭിപ്രായമാണ് സിപിഐയും മുന്നോട്ടുവച്ചത്.  പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഗോപാലകൃഷ്ണ ഗാന്ധി, ലോക്‌സഭാ മുന്‍ സ്പീക്കര്‍ മീരാകുമാര്‍ തുടങ്ങിയവരുടെ പേരുകളാണ് രാഷ്ട്രപതിസ്ഥാനത്തേക്ക് പ്രതിപക്ഷം പരിഗണിക്കുന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍നിന്നുള്ള ദലിത് നേതാവായ കോവിന്ദ്, ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ പ്രസിഡന്റായിരുന്നു. 1945 ഒക്ടോബര്‍ ഒന്നിനാണ് ജനനം. 1977 മുതല്‍ 79 വരെ സുപ്രിംകോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 1980ല്‍ കേന്ദ്രസര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കോണ്‍സലായി നിയമിച്ചു. 1994ലും 2006ലും രാജ്യസഭാംഗമായി.  ദീര്‍ഘകാലമായി ആര്‍എസ്എസുമായി ബന്ധമുണ്ട്. രാജ്യസഭാ ഹൗസ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു. അടുത്തമാസം 17നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.

RELATED STORIES

Share it
Top