രാംനാഥ് കോവിന്ദ് ഇന്ന് പത്രിക സമര്‍പ്പിക്കുംന്യൂഡല്‍ഹി: എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് ഇന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ റിട്ടേണിങ് ഓഫിസറായ ലോക്‌സഭാ സെക്രട്ടറി ജനറല്‍ അനൂപ് മിശ്ര മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, എന്‍ഡിഎ ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാവും നടപടി. ചടങ്ങിലേക്കു ബിജെപിയുടെയും സഖ്യകക്ഷികളുടെയും മുഴുവന്‍ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്.  നാലു സെറ്റ് പത്രികകളാണ് കോവിന്ദിനു വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും ചേര്‍ന്നാവും ഒരു സെറ്റ് സമര്‍പ്പിക്കുക. മറ്റൊന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും അമിത് ഷായും മൂന്നാമത്തേത് നഗരവികസന മന്ത്രി വെങ്കയ്യനായിഡുവും ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദലും ചേര്‍ന്നും സമര്‍പ്പിക്കും. വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി നേതാവുമായ എന്‍ ചന്ദ്രബാബു നായിഡുവും ചേര്‍ന്നാവും നാലാമത്തെ സെറ്റ് സമര്‍പ്പിക്കുക.  ഇന്നലെ രാവിലെ കോവിന്ദ് മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയെ സന്ദര്‍ശിച്ചു. ഭാര്യ സവിതയോടൊപ്പമാണ് കോവിന്ദ് വാജ്‌പേയിയെ സന്ദര്‍ശിക്കാനെത്തിയത്. അതേസമയം, രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ കോവിന്ദിന് ഡല്‍ഹിയിലെ ല്യൂട്ടന്‍ ഏരിയയില്‍ ഔദ്യോഗിക വസതി ലഭിച്ചു. 10, അക്ബര്‍ റോഡിലെ കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മയുടെ 10ാം നമ്പര്‍ വസതിയിലാവും അദ്ദേഹത്തിന്റെ താല്‍ക്കാലിക വാസം.

RELATED STORIES

Share it
Top