രാംദേവിന്റെ പതഞ്ജലിക്ക് ലഭിച്ചത് 297 കോടിയുടെ ഇളവ്ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ബാബാ രാംദേവിന്റെ പതഞ്ജലിക്ക് ലഭിച്ചത് 297 കോടിയുടെ ഇളവുകള്‍. 2013-15 സാമ്പത്തികവര്‍ഷത്തില്‍ പതഞ്ജലിയുടെ വരുമാനം 1,011 കോടിയില്‍ നിന്ന് 2,087 കോടിയായി ഉയര്‍ന്നതായും റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷം ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ഭൂമി ഏറ്റെടുത്ത വകയിലാണ് 297 കോടിയുടെ ഇളവ് ലഭിച്ചത്. സംസ്ഥാന സര്‍ക്കാരുകളുടെ രേഖകളുടെ അടിസ്ഥാനത്തിലാണ് റോയിട്ടേഴ്‌സ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മോദി അധികാരത്തില്‍ വന്നശേഷം രാംദേവിന്റെ കമ്പനിക്ക് അതിവേഗത്തില്‍ അനുമതികള്‍ നല്‍കുന്നുവെന്ന് റിപോര്‍ട്ട് പറയുന്നു. മാര്‍ച്ചില്‍ മോദിയും രാംദേവും ഒരേ വേദിയില്‍ പ്രത്യക്ഷപ്പെട്ട് ഒരാഴ്ചയ്ക്കകം രാംദേവിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റ് ബിജെപി പ്രവര്‍ത്തകര്‍ പശുവിനെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്ന യൂട്യൂബ് വീഡിയോ പുറത്തിറക്കി. ഇന്ത്യയെ സ്വദേശി ഉല്‍പന്നങ്ങള്‍ മാത്രം വാങ്ങുന്ന കാഴ്ചപ്പാടിലേക്ക് കൊണ്ടുവരുമെന്നും എട്ടു പ്രതിജ്ഞകളിലുണ്ടായിരുന്നു. ഇപ്പോഴത്തെ കേന്ദ്ര ധനമന്ത്രി, വിദേശകാര്യമന്ത്രി, ആഭ്യന്തരമന്ത്രി, ഗതാഗതമന്ത്രി തുടങ്ങി അഞ്ചു മന്ത്രിമാര്‍ അതില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

RELATED STORIES

Share it
Top