രവി കൊലക്കേസ്: ആറു പ്രതികളെ കോടതി വെറുതെവിട്ടു

മഞ്ചേരി: തിരൂര്‍ ബിപി അങ്ങാടി പൂക്കൈത തിരുനിലത്തുകണ്ടി രവീന്ദ്രന്‍(35) വധക്കേസില്‍ ആറു പ്രതികളെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) വെറുതെവിട്ടു. പ്രതികള്‍ക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വിലയിരുത്തി ജഡ്ജി എ വി നാരായണനാണ് കേസില്‍ വിധി പറഞ്ഞത്. ആകെ ഒന്‍പത് പ്രതികളുള്ള കേസില്‍ ഒരാള്‍ വിചാരണ വേളയില്‍ മരിച്ചിരുന്നു.  രണ്ടുപേര്‍ വിചാരണക്ക് ഹാജരായിരുന്നില്ല. തിരൂര്‍ സ്വദേശികളായ മംഗലം കറുകപറമ്പില്‍ ആദില്‍(46), തലക്കാട് ഉള്ളാടശേരി സക്കീര്‍ ഹുസൈന്‍(45), കൂട്ടപ്പിലാക്കല്‍ അലവി എന്ന അഹമ്മദ് നസീം(49), നിറമരുതൂര്‍ ആലിഹാജിന്റെ പുരക്കല്‍ റഷീദ്(35), അഴുവളപ്പില്‍ ഇസ്മായീല്‍(39), കണ്ണങ്കുളം പുഴവക്കത്ത് യാഹു എന്ന ബാവ(47) എന്നിവരെയാണ് കോടതി വെറുവിട്ടത്. രണ്ടാം പ്രതി കാളാത്ത് മുഹമ്മദ് ജാസിം ഒരുമാസം മുമ്പ് മരിച്ചിരുന്നു. കേസിലെ നാല്, ഒന്‍പത് പ്രതികളായ മീനടത്തൂര്‍ മുഹമ്മദ് മുസ്തഫ, കുറ്റിപ്പിലാക്കല്‍ കുഞ്ഞീതു എന്നിവരാണ് വിചാരണ നേരിടാത്തത്. ഇവര്‍ക്കെതിരായ കേസ് തുടരും.


2007 ജനുവരി 20നാണ് കേസിനാസ്പദമായ സംഭവം. ആര്‍എസ്എസ് തിരുനാവായ ഖണ്ഡ് കാര്യവാഹായിരുന്ന തിരുനിലത്തുകണ്ടി രവീന്ദ്രനെ തിരൂര്‍ ബിപി അങ്ങാടി ഗേള്‍സ് ഹൈസ്‌ക്കൂളിനു മുന്നില്‍ വെച്ച് രാത്രി 8.15ന് പ്രതികള്‍ മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. രവീന്ദ്രനൊപ്പമുണ്ടായിരുന്ന കടവത്തിയേല്‍ ബാബു പരിക്കുകളോടെ രക്ഷപ്പെട്ടു. ഇസ്‌ലാം ആശ്ലേഷിച്ച  ആമപ്പാറക്കല്‍ യാസര്‍ (39)നെ തിരൂരില്‍ വെട്ടി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ രവീന്ദ്രനെ വെറുതെ വിട്ടിരുന്നു.  ഈ രാഷ്ട്രീയ വിരോധം രവീന്ദ്രന്റെ കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വാദം.  പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തിയ തിരൂര്‍, മഞ്ചേരി മജിസ്‌ട്രേറ്റുമാര്‍, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിമാരായിരുന്ന സുരേഷ്‌കുമാര്‍, അബ്ദുല്‍കരീം, തിരൂര്‍ സിഐയായിരുന്ന എം പി മോഹനചന്ദ്രന്‍ എന്നിവരുള്‍പെടെ 38 സാക്ഷികളെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. മാഞ്ചേരി കെ നാരായണന്‍ വിസ്തരിച്ചിരുന്നു. 81 രേഖകള്‍, 15 തൊണ്ടിമുതലുകള്‍ എന്നിവയും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ക്കു വേണ്ടി അഡ്വ. സി കെ ശ്രീധരന്‍, എം പി അബ്ദുല്‍ ലത്തീഫ് എന്നിവരും ഹാജരായി.

RELATED STORIES

Share it
Top