പ്രതിവാര എക്‌സ്പ്രസ് ട്രെയിന്‍ ഉടന്‍ ഓടിത്തുടങ്ങും

കൊല്ലം: കൊച്ചുവേളിയില്‍ നിന്ന് ബാംഗ്ലൂര്‍ വഴി മൈസൂറിലേക്കുള്ള പ്രതിവാര എക്‌സ്പ്രസ് ട്രെയിന്‍ ജനുവരി മധ്യത്തോടെ ഓടിത്തുടങ്ങുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. കൊച്ചുവേളി ബാംഗ്ലൂര്‍മൈസൂര്‍ ട്രെയിന്‍ ഇനിയും ഓടി തുടങ്ങാത്തതിനെ സംബന്ധിച്ചുണ്ടായ ആക്ഷേപങ്ങള്‍ കണക്കിലെടുത്ത് റെയില്‍വേ ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ട്രെയിന്‍ ഓടിക്കാന്‍ ധാരണയായത്.തിരുവനന്തപുരം ബാംഗ്ലൂര്‍ സെക്ടറില്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ഇനിയും റെയില്‍വേ പരിഗണിച്ചിട്ടില്ല. ട്രെയിനുകള്‍ കുറവായതിനാല്‍ ആളുകള്‍ അമിത ചാര്‍ജ് നല്‍കി സ്വകാര്യ ബസുകളിലാണ് ബംഗ്ലൂരുവില്‍ നിന്ന് നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്.റെയില്‍വേ ബേ ാര്‍ഡിന്റെ ഉപദേഷ്ടാവ് രാജീവ് സഗ്‌സേന, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (കോച്ചസ്) മന്ദീപ് സിങ് ബാട്ടിയ എന്നിവരുമായാണ് എംപി ചര്‍ച്ച നടത്തിയത്. എല്ലാ വെള്ളിയാഴ്ചയും വൈകീട്ട് പുറപ്പെട്ട് ശനിയാഴ്ച കൊച്ചുവേളിയിലും ഞായറാഴ്ച വൈകീട്ട് അവിടെ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ ഒന്‍പതിന് ബംഗ്ലൂരുവിലെത്തി അവിടെ നിന്ന് മൈസൂറിലേക്കും സര്‍വീസ് നടത്താനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് റെയില്‍വേ ബജറ്റില്‍ അനുവദിച്ച ഈ ട്രെയിന്‍ ഇത്രയും കാലം ഓടാതിരുന്നത് ദുരൂഹമാണെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top