രണ്ട് പബ്ബ് ഉടമകള്‍ക്കെതിരേ തിരച്ചില്‍ നോട്ടീസ്

മുംബൈ: മുംബൈ ലോവര്‍ പരേലിലെ കമലാ മില്‍സ് കോംപൗണ്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അഗ്‌നിബാധയില്‍ 14 പേര്‍ മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ പോലിസ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചു. തീപ്പിടിത്തമുണ്ടായ പബ്ബിന്റെ നടത്തിപ്പുകാര്‍ക്കെതിരേയാണ് നോട്ടീസ്. കേസിലെ മറ്റു പ്രതികള്‍ക്കെതിരെയും തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലിസ് പറഞ്ഞു. സി ഗ്രേഡ് ഹോസ്പിറ്റാലിറ്റി നടത്തുന്ന വണ്‍ എബൗ പബ്ബിന്റെ ഉടമസ്ഥരായ ഹിതേഷ് സംഘ്‌വി, ജിഗര്‍ സംഘ്‌വി എന്നിവര്‍ക്കെതിരേയാണ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചത്. സംഘ്‌വി സഹോദരന്‍മാര്‍ക്കും മറ്റൊരു ഉടമസ്ഥനായ അഭിജിത് മങ്കക്കുമെതിരേ വെള്ളിയാഴ്ച പോലിസ് കേസെടുത്തിരുന്നു. പബ്ബ് ദുരന്തത്തിന്റെ വെളിച്ചത്തില്‍ അഞ്ചു ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കുമെതിരേ മറ്റു നടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്. രണ്ടു റസ്റ്റോറന്റുകളുടെ അനധികൃത മേല്‍ക്കൂരകള്‍ പൊളിച്ചുനീക്കി. കമലാ മില്‍സ് കോംപൗണ്ടിലെ സ്‌കൈവു കഫെ, സോഷ്യല്‍ എന്നീ റസ്‌റ്റോറന്റുകളുടെ അനധികൃത മേല്‍ക്കൂരകളാണു പൊളിച്ചത്. അന്ധേരിയിലെ ചില റസ്റ്റോറന്റുകള്‍ക്കെതിരെയും നടപടി തുടങ്ങി. അനധികൃത കെട്ടിടങ്ങള്‍ കണ്ടെത്താന്‍ നഗരസഭാ അധികൃതര്‍ നിരവധി സംഘങ്ങള്‍ക്കു രൂപംനല്‍കിയിട്ടുണ്ട്. അവര്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് നഗരസഭാ വക്താവ് റാം ദോട്ടോണ്ടെ അറിയിച്ചു. പുതുവര്‍ഷാഘോഷങ്ങള്‍ക്കിടെ റസ്‌റ്റോറന്റുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നഗരസഭ നിര്‍ദേശം നല്‍കി.

RELATED STORIES

Share it
Top