രണ്ട് കിലോ കഞ്ചാവുമായി പിടിയില്‍

പാരിപ്പള്ളി: ചില്ലറ വില്‍പനയ്ക്കായെത്തിച്ച രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പാരിപ്പള്ളി പോലിസിന്റെ പിടിയിലായി. പാരിപ്പള്ളി കിഴക്കനേല മിഥുന്‍ഭവനില്‍ മിഥുന്‍(22), ചാത്തന്നൂര്‍ കാരംകോട് സനോജ് മന്‍സിലില്‍ സനൂജ്(27) എന്നിവരാണ് പിടിയിലായത്.
ഇന്നലെ വൈകീട്ട് പാമ്പുറം ചള്ളിചിറയ്ക്ക് സമീപം ബൈക്കിലെത്തിയ ഇരുവരും ചേര്‍ന്ന് കഞ്ചാവ് ചെറിയ പൊതികളാക്കുന്നതിനിടെയാണ് രഹസ്യവിവരം ലഭിച്ച പാരിപ്പള്ളി എസ്‌ഐ രാജേഷും സംഘവും ഇവരെ വളഞ്ഞത്. പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലിസ് ഇവരെ മല്‍പിടിത്തത്തിലൂടെ കീഴടക്കുകയായിരുന്നു.
വിവരമറിഞ്ഞ് ചാത്തന്നൂര്‍ എസിപി ജവഹര്‍ജനാര്‍ദും സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം കൊല്ലത്ത് റയില്‍വേസ്‌റ്റേഷന്‍ പരിസരത്ത് നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടിയത് ഇവരുടെ കൂട്ടാളികളില്‍ നിന്നായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചാത്തന്നൂര്‍ സ്‌റ്റേഷനിലെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ സനൂജ് പോലിസിനെ വെട്ടിച്ച് മുങ്ങി നടക്കുകയായിരുന്നു.
ബലാല്‍സംഗം, കഞ്ചാവ് കടത്ത്, മാല പൊട്ടിക്കല്‍ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ മിഥുന്‍ അടുത്തിടെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. എസ്‌ഐ രാജേഷിനെ കൂടാതെ എസ്‌ഐ ശ്രീകുമാര്‍, എസ് സിപിഒമാരായ പ്രകാശ്, രമേശ്, ജയിന്‍, അഖിലേഷ്, നന്ദകുമാര്‍, സിറ്റി സ്‌ക്വാഡിലെ സീനു എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ഇന്ന് പരവൂര്‍ കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top