രണ്ടു വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ വിദ്യാഭ്യാസമേഖല സമ്പൂര്‍ണ ഹൈടെക് ആകും: മന്ത്രികൊച്ചി: രണ്ടു വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ വിദ്യാഭ്യാസ മേഖല പൂര്‍ണ്ണമായും ഹൈടെക് ആയി മാറുമെന്ന് മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസും എറണാകുളം പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ വികസന നേട്ടങ്ങളും തുടര്‍പ്രവര്‍ത്തനങ്ങളും ജില്ലയുടെ ചുമതലയുള്ള മന്ത്രി വിശദീകരിച്ചു. എല്ലാവര്‍ക്കും സൗജന്യമായി ഉന്നത നിലവാരത്തില്‍ പഠിക്കാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. സാമ്പത്തിക ഭദ്രത ഉറപ്പാക്കി സമഗ്ര വളര്‍ച്ച കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു. റവന്യൂ വരുമാനത്തില്‍ ഏറ്റവുമധികം സംഭാവന നല്‍കുന്ന ജില്ലയാണ് എറണാകുളം. സാമ്പത്തിക ഭദ്രതയ്ക്കുള്ള അടിത്തറ ഉറപ്പാക്കുന്നതിനാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന. സമസ്ത മേഖലയിലും അസമത്വം കുറയ്ക്കുകയെന്നതാണ് സര്‍ക്കാര്‍ നിലപാട്. ക്ഷേമപെന്‍ഷനുകളുടെ വിതരണം വളരെ കൃതൃമായി ജില്ലയില്‍ നടന്നു. കടാശ്വാസ പദ്ധതി ഏറ്റവുമധികം പേര്‍ ഉപയോഗിച്ച ജില്ലയാണിത്. ജില്ലയുടെ സമഗ്ര വളര്‍ച്ചയ്ക്ക് സാമ്പത്തിക ഭദ്രതയ്ക്ക് അടിത്തറ പാകാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പാരിസ്ഥിതിക അസമത്വം ഇല്ലാതാക്കാന്‍ സജീവ പ്രവര്‍ത്തനങ്ങളാണ് ഹരിത കേരളം വഴി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ല കലക്ടറുടെ നേതൃത്വത്തില്‍ നടപ്പാക്കിയ 100 കുളം 50 ദിനം പദ്ധതി വിജയകരമായി ജില്ലയില്‍ നടപ്പാക്കി. നീര്‍ത്തടാധിഷ്ഠിത വികസനം ലക്ഷ്യം വെച്ചാണ് സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നത്. കിഫ്ബിയില്‍ നിന്ന് പണം ലഭിക്കുന്നതിന് ഏറ്റവുമധികം പദ്ധതികളുണ്ടാകുന്നത് ജില്ലയില്‍ നിന്നായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിജാസ് ജുവല്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ രവികുമാര്‍, ഖജാന്‍ജി പി എ മെഹബൂബ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top