രണ്ടു വര്‍ഷത്തിനകം ഖത്തറിലെ സിനിമാ സ്‌ക്രീനുകള്‍ 200 ആവും

cinema hall
ദോഹ: ഖത്തറില്‍ അടുത്ത രണ്ടു വര്‍ഷത്തോടെ സിനിമ കാണാനുള്ള സൗകര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടാവും. 2018 ആദ്യത്തോടെ രാജ്യത്തെ 23 ഇടങ്ങളിലായി 200 സ്‌ക്രീനുകള്‍ സിനിമാ പ്രദര്‍ശനത്തിനായി ഉണ്ടാവുമെന്ന് ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് ഗള്‍ഫ് ടൈംസ് റിപോര്‍ട്ട് ചെയ്തു.
ദോഹയിലും പരിസരത്തുമായി പുതുതായി തുറക്കുന്ന മാളുകളില്‍ 131 പുതിയ സ്‌ക്രീനുകളാണ് വരുന്നത്. അബൂഹമൂര്‍, വെസ്റ്റ് ബേ, അല്‍വഅബ്, ലുസൈല്‍, ഗറാഫ, ദയാന്‍, തുമാമ, മിര്‍ഖബ് തുടങ്ങിയ ഇടങ്ങളിലെല്ലാം സിനിമാ തിയേറ്റര്‍ സൗകര്യത്തോടെയുള്ള മാളുകള്‍ തുറക്കാനിരിക്കുകയാണ്.
റയ്യാനില്‍ തുറക്കാനിരിക്കുന്ന മാളില്‍ 20 സ്‌ക്രീനുകളുണ്ടാവും. ഖത്തറില്‍ വിനോദത്തിനുള്ള പ്രാധാന്യം വര്‍ധിക്കുന്നുണ്ടെങ്കിലും ഇത്രയും സ്‌ക്രീനുകളില്‍ സിനിമ കാണാനുള്ള ആളുകള്‍ ഉണ്ടാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
വില്ലാജിയോ മാള്‍, സിറ്റി സെന്റര്‍ ദോഹ ഉള്‍പ്പെടെയുള്ള മള്‍ട്ടിപ്ലക്‌സുകളിലെ സ്‌ക്രീനുകള്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. ചില ഹിറ്റ് സിനിമകള്‍ക്ക് ടിക്കറ്റ് കിട്ടാത്ത സ്ഥിതിയും ഉണ്ടാവാറുണ്ട്. എന്നാല്‍, മറ്റ് ദിവസങ്ങളില്‍ പല തിയേറ്ററുകളിലും കുറഞ്ഞ ആളുകള്‍ മാത്രമേ ഉണ്ടാവാറുള്ളു. എന്നാല്‍, ഇത് പൊതുവേ ലോകത്ത് എല്ലായിടത്തും കാണുന്ന അവസ്ഥയാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
രാജ്യത്തെ 75 ശതമാനം പേരും കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളാണെന്നതിനാല്‍ കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള തിയേറ്ററുകള്‍ക്ക് നല്ല സാധ്യതയുണ്ടെന്ന് എജുക്കേഷന്‍ സിറ്റിയിലെ ഒരു യൂനിവേഴ്‌സിറ്റി ഈയിടെ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. ഏഷ്യന്‍ ടൗണ്‍ സിനിമയുടെ വിജയം ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടുന്നു. പ്രവര്‍ത്തി ദിവസങ്ങളിലും ഇവിടെ ശരാശരി പ്രേക്ഷകര്‍ ഉണ്ടാവാറുണ്ട്.

RELATED STORIES

Share it
Top