രണ്ടു ദിവസത്തിനുശേഷം റബീഹിന്റെ മൃതദേഹം കിട്ടി

മുജീബ് ചേളാരി
തേഞ്ഞിപ്പലം: കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ രണ്ടാംതരം വിദ്യാര്‍ഥി മുഹമ്മദ് റബീഹിന്റെ മൃതദേഹം രണ്ടുദിവസങ്ങള്‍ക്കുശേഷം ലഭിച്ചു. കടലുണ്ടിപ്പുഴയില്‍ തേഞ്ഞിപ്പലം മാതാപ്പുഴ പാലത്തിനടുത്തുള്ള വീടിനു സമീപത്താണ് വിദ്യര്‍ഥി ഒഴുക്കില്‍പ്പെട്ടത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് നാടിനെ ദുഖത്തിലാഴ്ത്തിയ സംഭവം.
കുട്ടിയുടെ മാതാവ് കറുത്താമക്കത്ത് വീട്ടില്‍ ശാക്കിറയും റബീഹും മറ്റൊരു ചെറിയ കുട്ടിയും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. വീടിനകത്ത് ഉറങ്ങുകയായിരുന്ന ചെറിയകുട്ടി കരഞ്ഞപ്പോള്‍ ശാക്കിറ അതിന്റെ അടുത്തേക്ക് പോയി തിരിച്ച് വന്നസമയം കുട്ടിയെ കാണാതായി. തിരച്ചിലിനൊടുവില്‍ വീടിനടുത്തുള്ള പുഴവക്കില്‍ ചെരിപ്പും മൊബൈല്‍ഫോണും കണ്ടെത്തി. അന്നുമുതല്‍ നാട്ടുകാരും അഗ്‌നിശമന സേനയും പുഴയില്‍ തിരച്ചില്‍ ആരംഭിച്ചതാണ്. രണ്ട് പകലും രണ്ട് രാത്രിയും നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെ വൈകീട്ട് ആറോടെ വള്ളിക്കുന്ന് അരിയല്ലൂര്‍ കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് ഏകദേശം 10 കിലോമീറ്റര്‍ ദൂരെയാണ് അരിയല്ലൂര്‍ ബീച്ച്. പുഴയില്‍ ശക്തമായ കുത്തൊഴുക്കും വെള്ളപൊക്കവും കാരണം അഗ്‌നിശമന സേനയും മറ്റുള്ളവരും തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താതിരുന്നതിനാല്‍ ഇന്നലെ കൊച്ചിയില്‍ നിന്നുള്ള നാവിക സേനയും തിരച്ചിലിനെത്തിയിരുന്നു.
റവന്യൂ, പോലിസ്, പഞ്ചായത്ത് അധികൃതര്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരപ്പനങ്ങാടി പോലിസ് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.  വെളിമുക്ക് ക്രസന്റ് ഇീഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് റബീഹ്.

RELATED STORIES

Share it
Top